Connect with us

Malappuram

പെരിന്തല്‍മണ്ണയിലെ ബസ് സമരം പിന്‍വലിച്ചു

Published

|

Last Updated

മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കില്‍ സ്വകാര്യ ബസുകള്‍ നടത്തിയിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ കലക്ടര്‍ കെ ബിജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ബസ് ഉടമകളും ജീവനക്കാരും ഉന്നയിച്ച ആവശ്യങ്ങള്‍ പഠിച്ച് ഡിസംബര്‍ 10ന് വീണ്ടും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ക്ക് നേരിട്ട് ടൗണില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. ബസുകള്‍ നിലവില്‍ മാനത്തുമംഗലം ബൈപ്പാസ് വഴിയാണ് ടൗണില്‍ പ്രവേശിക്കുന്നത്. ഇത് സമയ നഷ്ടത്തിനും ഇന്ധന നഷ്ടത്തിനും കാരണമാകുന്നുണ്ടെന്ന് ബസുടമകള്‍ പറഞ്ഞു. ബസുകളുടെ സമയക്രമം മാറ്റുന്നതിനെ കുറിച്ച് പഠിക്കാന്‍ ആര്‍ ടി ഒയെ കലക്റ്റര്‍ ചുമതലപ്പെടുത്തി. പാരലല്‍ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹെവി വാഹനങ്ങള്‍ ബൈപാസ് വഴി തിരിച്ച് വിടുന്നതിന് ബൈപാസ് റോഡ് തുടങ്ങുന്ന സ്ഥലം വീതി കൂട്ടും. റോഡ് വീതിയില്ലാത്തതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് ബൈപാസില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വീതി കൂട്ടുന്നത്. ഇതിന് പുതിയ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ നഗരസഭാ സെക്രട്ടറിയോട് കലക്ടര്‍ ആവശ്യപ്പെട്ടു. നഗരത്തിലെ സിഗ്നലിലെ സമയ വ്യത്യാസം ഒഴിവാക്കുമെന്നും കലക്റ്റര്‍ അറിയിച്ചു. പൊലീസ് അനാവശ്യമായി കേസെടുക്കുന്നെന്ന ജീവനക്കാരുടെ പരാതി അന്വേഷിക്കുമെന്ന് കലക്റ്റര്‍ പറഞ്ഞു.
എ ഡി എം. പി മുരളീധരന്‍, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍പേഴ്‌സന്‍ നിഷി അനില്‍രാജ്, തഹസില്‍ദാര്‍ എം ടി ജോസഫ്, ആര്‍ ടി ഒ എം പി അജിത്കുമാര്‍, ജോയന്റ് ആര്‍ ടി ഒ കെ. പ്രേമാനന്ദന്‍, സി ഐ ജലീല്‍ തോട്ടത്തില്‍, ബസ് ഉടമ സംഘടനാ പ്രതിനിധികളായ പി.കെ മൂസ, പകീസ കുഞ്ഞിപ്പ, ഹംസ ഏരിക്കുന്നന്‍, പി. മുഹമ്മദ്, കെ. വി അബ്ദുറഹ്മാന്‍, കെ. മുഹമ്മദലി ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.