ഗ്രാമ വികസനം അടുത്തറിയാന്‍ അസം സംഘം

Posted on: November 30, 2013 10:05 am | Last updated: November 30, 2013 at 10:05 am

നിലമ്പൂര്‍: നഗരസഭ പരിധിയിലെ 96 ശതമാനം ബി പി എല്‍ കുടുംബങ്ങളും അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളാണ് എന്നറിഞ്ഞപ്പോള്‍ അസമില്‍ നിന്നെത്തിയ രേഖാമണി ഹസാരികക്ക് വിശ്വസിക്കാനാവുന്നില്ല.
നഗരസഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിലമ്പൂരിലെത്തിയ അസമിലെ ദെസ്പൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ 12 അംഗ സംഘത്തിന്റെ പ്രൊജക്ട് മാനേജരാണ് രേഖാമണി. സംഘത്തില്‍ ഗ്രാമ പഞ്ചായത്തംഗങ്ങളും ഉണ്ട്. വിദ്യാഭ്യാസം കുറവായ തദ്ദേശവാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്താനായി രൂപീകരിച്ച പാരാ ലീഗല്‍ പേഴ്‌സണല്‍സിലെ അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇവര്‍ നിലമ്പൂരിലെത്തിയത്. അസമിലെ സൊനിത്പുര്‍, നാഗോണ്‍, നോര്‍ത്ത് ലക്കിണ്‍പുര്‍, ഉദല്‍ഗുരി എന്നീ ജില്ലകളിലെ 81 ഗ്രാമങ്ങളിലായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് കീഴില്‍ നിരവധി അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടെങ്കിലും കാര്യക്ഷമമല്ല.
നിലമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഗിരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ സിസ്റ്റര്‍ മരീനി അസമിലെത്തി ഇവരെ സന്ദര്‍ശിച്ചപ്പോഴാണ് നിലമ്പൂര്‍ നഗരസഭയെക്കുറിച്ച് ഇവര്‍ അറിഞ്ഞത്. കേട്ടപ്പോള്‍ തന്നെ നിലമ്പൂരിലേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്നതായി സംഘാംഗങ്ങള്‍ പറഞ്ഞു. നഗരസഭയുടെ വിവിധ പദ്ധതികളായ താലൂക്ക് ഹോസ്പിറ്റല്‍, രോഗികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണം, കമ്മ്യൂണിറ്റി കോളേജ്, അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈനിംഗ് സെന്റര്‍ തുടങ്ങിയവ സംഘം സന്ദര്‍ശിച്ചു.
നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തുമായി നഗരസഭ നടത്തുന്ന പദ്ധതികളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. തങ്ങളുടെ നാട്ടിലെ അയല്‍ക്കൂട്ടങ്ങളില്‍ വളരെ ജനപങ്കാളിത്തം കുറവാണെന്നും രാഷ്ട്രീയ അതിപ്രസരം വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും സംഘം പറഞ്ഞപ്പോള്‍ നഗരസഭയിലെ വാര്‍ഡ് സഭകളാണ് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതെന്നും അതിനാല്‍ രാഷ്ട്രീയം വികസനത്തിന് തടസം സൃഷ്ടിക്കാറില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. കേരളത്തിലെ ബിപിഎല്‍ മാനദണ്ഡത്തെക്കുറിച്ച് കേട്ടപ്പോഴും അത്ഭുതം തന്നെയായിരുന്നു എല്ലാവരുടെയും മുഖത്ത്. അസമിലെ പരമ്പരാഗത രീതിയില്‍ നഗരസഭ ചെയര്‍മാനെ ആദരിച്ചു. കേരളവും കേരളത്തിലെ ജനങ്ങളെയും ഇഷ്ടമായെങ്കിലും ചൂട് താങ്ങാനാവുന്നില്ലെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.
എല്ലാവരെയും അസമിലേക്ക് ക്ഷണിക്കാനും അവര്‍ മറന്നില്ല. പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ ദേവസ്യ നെല്ലിക്കുന്നേല്‍, അസി. ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍സി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിന കോണ്‍വാര്‍, എലിന സുരിന്‍, പാരാ ലീഗല്‍ പേഴ്‌സണല്‍ അംഗങ്ങള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇന്ന് ചാലിയാര്‍ പഞ്ചായത്ത് സന്ദര്‍ശിക്കുന്ന സംഘം നാളെ മടങ്ങും.