Connect with us

Gulf

ദുബൈ ഇനി വന്‍ കുതിപ്പിലേക്ക്

Published

|

Last Updated

ദുബൈ: ദുബൈ ഇനി അനുസ്യൂതമായ കുതിപ്പിലേക്ക്. വേള്‍ഡ് എക്‌സ്‌പോ 2020 യെ വരവേല്‍ക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി, സര്‍വ മേഖലകളിലും ആസൂത്രണങ്ങളും കണക്കെടുപ്പുകളും തുടങ്ങി. ജബല്‍ അലിയില്‍ 500 ഓളം ഹെക്ടറില്‍ വേദിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇവിടേക്ക് സാമഗ്രികളും സൗകര്യങ്ങളും ധാരാളം വേണ്ടി വരും. യു എ ഇ യിലെ വ്യാവസായിക കേന്ദ്രങ്ങള്‍ ഇതിന്റെ ആവേശത്തിലാണ്. 650 കോടി ഡോളര്‍, അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടല്‍. വേദിക്കു വേണ്ട വൈദ്യുതിയുടെ പകുതിയോളം സൗരോര്‍ജത്തില്‍ നിന്ന് കണ്ടെത്തും. ഇതിന്റെയും അനുബന്ധ സാമഗ്രികളുടെയും കരാറിനു വേണ്ടി നിരവധി കമ്പനികള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. അടുത്ത വര്‍ഷം യു എ ഇ വിവിധ പദ്ധതികള്‍ക്കായി 35,000 കോടി ഡോളര്‍ ചെലവ് ചെയ്യുമെന്നാണ് കണക്ക്.

ആറുമാസത്തെ പ്രദര്‍ശനം കാണാന്‍ 2.5 കോടി സന്ദര്‍ശകരാണ് എത്തുക. ഇവര്‍ ഏതാണ്ട് 1770 കോടി ഡോളര്‍ ഇവിടെ ചെലവു ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തിന് 2.7 ലക്ഷം മാനവ ശേഷിയുടെ ആവശ്യമുണ്ട്. അത് കൊണ്ട് തന്നെ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. വിദഗ്ധ, അര്‍ധ വിദഗ്ധ തൊഴിലാളികള്‍ക്ക് ഏറെ അവസരങ്ങള്‍ ഒരുങ്ങും. ദുബൈയുടെ മാത്രമല്ല, യു എ ഇയുടെ ആകെ ഭാവി പദ്ധതികള്‍ ഇനി വേള്‍ഡ് എക്‌സ്‌പോ 2020 നെ കേന്ദ്രീകരിച്ചായിരിക്കും.
ദുബൈ മള്‍ട്ടി കമ്മോഡിറ്റീസ് സെന്റര്‍ പണിയാനുദ്ദേശിക്കുന്ന ലോകത്തിലെ ഏറ്റവും പൊക്കമുള്ള വാണിജ്യ കേന്ദ്രത്തിന് ബുര്‍ജ് 2020 എന്ന് നാമകരണം ചെയ്തു. വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്കു ലഭിച്ച സാഹചര്യത്തിലാണിത്. 107000 ചതുരശ്ര മീറ്ററിലുള്ള ഫ്രീ സോണ്‍ ബിസിനസ് പാര്‍ക്ക് പദ്ധതിയുടെ ഭാഗമായിരിക്കും ബുര്‍ജ് 2020. 2014ല്‍ പണിതുടങ്ങും. 66 വാണിജ്യ, താമസ കെട്ടിടങ്ങളുടെ സമുച്ചയമാണ് പണിയുന്നത്. 220 ചില്ലറ വില്‍പന കേന്ദ്രങ്ങളുണ്ടാകും. നിലവില്‍ 80000 പേര്‍ ഡി എം സിസി ഫ്രീസോണില്‍ താമസിക്കുന്നു. ജബല്‍ അലിയുടെ സമീപനമാണിത്.