പൊന്‍പറകുന്നില്‍ ഖനനം റദ്ദാക്കി് ആശങ്ക ഒഴിവായ ആശ്വാസത്തില്‍ നാട്ടുകാര്‍

Posted on: November 28, 2013 8:26 am | Last updated: November 28, 2013 at 8:26 am

മാവൂര്‍: ചെറൂപ്പ പൊന്‍പറകുന്നില്‍ ഇരുമ്പയിര് ഖനനം സര്‍ക്കാര്‍ റദ്ദാക്കിയത് വലിയൊരു പ്രദേശത്തിന് രക്ഷയായി. ഇരുമ്പയിര് ഖനനം നടക്കുന്നപക്ഷം നീരുറവകളിലൂടെ നിരവധി കുടുംബങ്ങളുടെ ജലാവശ്യങ്ങള്‍ നിറവേറ്റുന്ന പൊന്‍പറക്കുന്ന് തീര്‍ത്തും ഇല്ലാതാകുമായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പൊന്‍പറകുന്നില്‍ ഇരുമ്പയിര് ഖനനത്തിന് സ്വകാര്യ കമ്പനി ശ്രമം തുടങ്ങിയത്. ഖനനത്തിന്റെ മുന്നോടിയായി ഇവിടെ വ്യാപകമായ തോതില്‍ ചെങ്കല്‍ ഖനനം തുടങ്ങിയിരുന്നു.
പരിസ്ഥിതി സംഘടനകളും മറ്റും രംഗത്തെത്തിയതോടെ അധികൃതര്‍ ഇടപെട്ട് ഖനനം താത്കാലികമായി നിര്‍ത്തിവെപ്പിക്കുകയായിരുന്നു. എന്നാല്‍, തുടര്‍ന്നും വളഞ്ഞ വഴികളിലൂടെ ഖനനത്തിന് അനുമതി നേടിയെടുക്കാന്‍ ശ്രമം നടന്നു.
ജില്ലയിലെ പ്രധാന പച്ചക്കറി കൃഷി മേഖലകളിലൊന്നായ ചെട്ടിക്കടവ് വരെ വെള്ളം സംരക്ഷിച്ച് നിര്‍ത്തുന്ന പൊന്‍പറകുന്നിന് വലിയ പാരിസ്ഥിതിക പ്രധാന്യമാണ് ഈ രംഗത്തെ പ്രമുഖര്‍ കല്‍പ്പിക്കുന്നത്. ഇതൊന്നും വകവെക്കാതെയായിരുന്നു ഇരുമ്പയിര്‍ ഖനനത്തിന് നീക്കം നടന്നത്.
ഇപ്പോള്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവോടെ ഖനനത്തിനുള്ള സാധ്യതകള്‍ തീര്‍ത്തും അടഞ്ഞതോടെ സന്തോഷിക്കുന്നത് സമീപവാസികള്‍ മാത്രമല്ല, പൊന്‍പറകുന്നിന്റെ പ്രാധാന്യം അറിയുന്ന പ്രകൃതിസ്‌നേഹികള്‍ കൂടിയാണ്.