Connect with us

Kozhikode

വിദഗ്ധ സമിതി സിറ്റിംഗ്: മലയോര ജനതയുടെ ആശങ്കകള്‍ക്ക് താത്കാലിക വിരാമം

Published

|

Last Updated

താമരശ്ശേരി: മലയോര ജനതയുടെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമേകി വിദഗ്ധ സമിതി സിറ്റിംഗ് നടത്തി. കോടഞ്ചേരി, തിരുവമ്പാടി എന്നിവിടങ്ങളില്‍നടന്ന സിറ്റിംഗില്‍ ആയിരത്തില്‍പരം നിവേദനങ്ങളാണ് കമ്മിറ്റിമുമ്പാകെ എത്തിയത്.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍, ഡോ. പി സി സിറിയക് ഐ എ എസ് എന്നിവരാണ് സിറ്റിംഗിനെത്തിയത്. ഉച്ചക്ക് രണ്ടരയോടെ കോടഞ്ചേരിയില്‍ ആരംഭിച്ച സിറ്റിംഗില്‍ ആദ്യ നിവേദനം നല്‍കി സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജനസാന്ദ്രത കിലോ മീറ്ററില്‍ 100 ല്‍കൂടുതലുള്ളപ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ നിന്നും ഒഴിവാക്കുക, ഭൂമിക്ക് രേഖകള്‍ ലഭിക്കുന്നതിനും കൈമാറ്റത്തിനും തടസ്സമുണ്ടാവുമെന്ന ഭീതി അകറ്റുക, പരിസ്ഥിതി ലോലപ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വായു സര്‍വേ ഒഴിവാക്കി ഫീല്‍ഡ് സര്‍വേ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എം എല്‍ എ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഡി സി പി പ്രസിഡന്റ് കെ സി അബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി നീര്‍വേലില്‍, ആയിഷക്കുട്ടി സുല്‍ത്താന്‍, പ്രേംജി ജെയിംസ്, എ അരവിന്ദന്‍ തുടങ്ങിയവരും നൂറുകണക്കായ പ്രദേശവാസികളും കമ്മീഷനുമുന്നില്‍ ആശങ്കകളടങ്ങിയ നിവേദനങ്ങള്‍ നല്‍കി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു സിറ്റിംഗ് നടത്താനിരുന്നത്. എന്നാല്‍ ഇടുങ്ങിയ ഹാളിലെത്തിയ കമ്മീഷന്‍ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് പാരിഷ് ഹാളിലേക്ക് മാറ്റുകയായിരുന്നു.