Connect with us

Ongoing News

മൂന്നിടങ്ങളില്‍ ഖനനാനുമതി റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ ഇരുമ്പയിര് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ വ്യവസായ വകുപ്പ് നല്‍കിയ കുറിപ്പ് പരിഗണിച്ചാണ് ഖനനാനുമതി റദ്ദാക്കാനുള്ള തീരുമാനം. കൂടാതെ ഇത്തരം പ്രദേശങ്ങളില്‍ ഖനനം നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവും നിലവിലുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്ന പുതിയ സാഹചര്യവും കണക്കിലെടുത്തു. അതേസമയം, അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണങ്ങളെ കുറിച്ച് ഉടന്‍ അന്വേഷണം നടത്തില്ലെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ അന്വേഷണം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
ചക്കിട്ടപ്പാറപോലെ ഒരു പ്രദേശത്തും ഖനനം സാധ്യമല്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍ മന്ത്രി എളമരം കരീം ആരോപണവിധേയനായ ഖനനാനുമതിക്ക് പിന്നില്‍ കോഴയിടപാട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ചില വെളിപ്പെടുത്തലുകളുമുണ്ടായി. അതു സംബന്ധിച്ച് അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിനാണ് പരിശോധിച്ച ശേഷം മാത്രമേ അന്വേഷണം ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
തെറ്റ് ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. എന്നാല്‍ തെറ്റു ചെയ്യാത്ത ആരെയെങ്കിലും ശിക്ഷിക്കാനും കൂട്ടുനില്‍ക്കില്ല. ആക്ഷേപം ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനം എന്താണെന്ന് പരിശോധിച്ച ശേഷം മാത്രമേ അന്വേഷണവും നടപടികളുമുണ്ടാകൂ. പല വെളിപ്പെടുത്തലുകളും മുമ്പും ഉണ്ടായിട്ടുണ്ട്. അവയെല്ലാം പിന്നീട് മാറുന്നത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2009 ല്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറാണ് സ്വകാര്യകമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത്. ഈ സര്‍ക്കാര്‍ അത് നീട്ടി നല്‍കുകയും ചെയ്തു. സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം കോഴ വാങ്ങിയെന്നാണ് വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്. ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് എളമരത്തിന്റെ ബന്ധുവായ ടി പി നൗഷാദാണെന്നും ഇദ്ദേഹം വഴിയാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നും നൗഷാദിന്റെ ഡ്രൈവര്‍ സുബൈറാണ് വെളിപ്പെടുത്തിയത്.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് ഖനി കമ്പനിയുടെ ഉദ്യോഗസ്ഥര്‍ കൈമാറിയ അഞ്ചു കോടി രൂപ കോഴിക്കോട്ട് സി പി എം നേതാവിന്റെ വീട്ടില്‍ എത്തിച്ചതായിട്ടും സുബൈര്‍ വെളിപ്പെടുത്തിയിരുന്നു.

Latest