Connect with us

Kerala

സുന്നിവോയ്‌സ് പ്രചാരണം രണ്ടാം ഘട്ടത്തില്‍

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം മുഖപത്രമായ സുന്നിവോയ്‌സ് ആദര്‍ശ വായനയില്‍ അതിജയിക്കാനാവാത്ത ആനുകാലികമാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് സുന്നിവോയ്‌സ് പ്രചാരണകാല പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലെത്തി. യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് മത്സരബുദ്ധിയോടെ നടന്ന വരിചേര്‍ക്കലിനെ തുടര്‍ന്ന് വായനക്കാരുടെ പേരും വിലാസവും സര്‍ക്കിള്‍തലത്തില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരിക്കാരുടെയും വായനക്കാരുടെയും എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കീഴ്ഘടകങ്ങളുടെ അഭ്യര്‍ഥന മാനിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ താഴെ പറയുംപ്രകാരം പുനഃക്രമീകരിച്ചതായും ഇതനുസരിച്ച് സമയബന്ധിതമായി തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ഓഫീസില്‍ നിന്ന് അറിയിച്ചു.
സര്‍ക്കിള്‍ കമ്മിറ്റികള്‍ യൂനിറ്റുകളില്‍ നിന്ന് ലിസ്റ്റും സംഖ്യയും സമാഹരിച്ച് അപ്‌ലോഡിംഗ് പൂര്‍ത്തീകരിച്ച് സോണിന് കൈമാറേണ്ട അവസാന ദിവസം ഡിസംബര്‍ 5, സോണ്‍, ജില്ലാ ഘടകങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി മേല്‍ഘടകങ്ങള്‍ക്ക് കൈമാറേണ്ട അവസാന ദിവസം യഥാക്രമം ഡിസംബര്‍ 10, 15 ആണ്. മുഴുവന്‍ നടപടികളും പൂര്‍ത്തീകരിച്ച് 16-നകം സംസ്ഥാന ഓഫീസില്‍ സമര്‍പ്പിക്കപ്പെടുന്നവ മാത്രമേ എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുകയുള്ളൂ. വരിക്കാര്‍ക്കും ഘടകങ്ങള്‍ക്കും ഒട്ടേറെ ആനുകൂല്യങ്ങള്‍ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 10 വരിക്കാര്‍ക്ക് ഗിഫ്റ്റ് നല്‍കും. മിനിമം ടാര്‍ജറ്റ് പൂര്‍ത്തീകരിച്ച യൂനിറ്റുകള്‍ക്ക് ഓരോ കോപ്പിയും തുടര്‍ന്നുള്ള ഓരോ ഇരുപതിനും ഓരോ കോപ്പികളും സൗജന്യമായി നല്‍കും. മിനിമം, ശരാശരി ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുന്ന സര്‍ക്കിളുകള്‍ക്ക് വരിസംഖ്യയുടെ 2,3 അനുപാതത്തില്‍ ഇന്‍സന്റീവും ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുന്ന ജില്ല, സോണ്‍ ഘടകങ്ങള്‍ക്ക് അവാര്‍ഡുകളും നല്‍കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരെ ആദര്‍ശ വായനാ കുടുംബത്തില്‍ അണിചേര്‍ത്ത് മികവ് തെളിയിക്കുന്ന മൂന്ന് ഘടകങ്ങള്‍ക്ക് മെഗാ സമ്മാനങ്ങള്‍ നല്‍കും.

 

Latest