Connect with us

Kasargod

മറാഠി വിഭാഗത്തെ ഒഴിവാക്കണമെന്ന തീരുമാനം പാര്‍ട്ടിയില്‍ ആലോചിച്ചിട്ടില്ല: ചെന്നിത്തല

Published

|

Last Updated

കാസര്‍കോട്: പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് മറാഠി വിഭാഗത്തെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഡി സി സി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.
മറാഠി വിഭാഗത്തെ പട്ടിക വര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ച നടപടിയെക്കുറിച്ച് പരിശോധിക്കും. പാര്‍ലിമെന്റ് പാസാക്കിയ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ട്. കോണ്‍ഗ്രസും കെ പി സി സി പ്രസിഡന്റ് അടക്കമുള്ളവരും മറാഠി വിഭാഗത്തെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭാഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കത്തയച്ച സാഹചര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാറിന്റെ തീരുമാനത്തെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു.
നീലേശ്വരം കരിന്തളം കടലാടിപ്പാറ ബോക്‌സേറ്റ് ഖനനത്തോട് പാര്‍ട്ടിക്ക് യോജിപ്പില്ല. ഖനനം നടത്താനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ചെറുക്കും. മുസ്‌ലിം ലീഗ് യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെന്നിത്തല മറുപടി പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരന്‍, അഡ്വ. എം സി ജോസ് എന്നിവരും ചെന്നിത്തലയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest