അല്‍ ഐനിലെ പൊതു ശൗചാലയങ്ങള്‍ക്ക് സ്ഥിരം ശുചീകരണ തൊഴിലാളികള്‍

Posted on: November 25, 2013 1:29 am | Last updated: November 25, 2013 at 1:29 am

അല്‍ ഐന്‍: അല്‍ ഐന്‍ നഗരസഭാ പരിധിയിലെ മുഴുവന്‍ പൊതുശൗചാലയങ്ങള്‍ക്കും സ്ഥിരം ശുചീകരണ തൊഴിലാളികളെ നിയമിക്കാന്‍ നഗരസഭ തീരുമാനിച്ചു. അല്‍ ഐന്‍ നഗരസഭക്കു കീഴിലെ 46 പൊതു കക്കൂസുകളിലും സ്ഥിരമായി ഓരോ ക്ലീനിംഗ് തൊഴിലാളികള്‍ വീതം ശുചീകരണത്തിനായി ഉണ്ടാകും. ഇത് സംബന്ധിച്ച കരാറില്‍ നഗരസഭയും തന്‍സീഫ് കോ കമ്പനി അധികാരികളും ധാരണയിലെത്തി.
ഇതുവരെ നഗര സഭയുടെ പൊതു കക്കൂസുകളില്‍ ഒന്നിലും സ്ഥിരമായി ശുചീകരണ തൊഴിലാളികളെ ഏര്‍പ്പെടുത്തിയിരുന്നില്ല. ഒരാള്‍ക്ക് തന്നെ എട്ടും പത്തും വീതം കക്കൂസുകള്‍വൃത്തിയാക്കേണ്ടിയിരുന്നത് കൊണ്ട് ദിവസത്തില്‍ ഒരു നേരം വൃത്തിയാക്കി പോകുകയായിരുന്നു പതിവ്. അത് തന്നെ മണിക്കൂറുകള്‍ക്കകം വൃത്തി ഹീനമായി മാറുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. അല്‍ ഐനിലെ പന്ത്രണ്ടോളം കക്കൂസുകള്‍ ഏറ്റവും ജനത്തിരക്കേറിയ കേന്ദ്രങ്ങളില്‍ തന്നെയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ക്കും മാര്‍ക്കറ്റിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്കും ഇത് വലിയ അനുഗ്രഹമാണ്.
ടിഷ്യു പേപ്പര്‍ ഒഴികെ ശുചീകരണത്തിനാവശ്യമായ മറ്റെല്ലാ സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. ചുമരുകളിലും വാതിലുകളിലും അശ്ലീല ചിത്രങ്ങള്‍ വരക്കുകയും എഴുതുകയും ചെയ്യുക, തറയില്‍തുപ്പുകയും ചപ്പു ചവറുകള്‍ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുക, തുടങ്ങിയ എല്ലാ പ്രവര്‍ത്തികള്‍ക്കെതിരെയും ബോധവത്കരണവും മുന്നറിയിപ്പുകളും വ്യാപകമായി നടത്തുന്നുണ്ട്. പരിശോധനക്കും അറ്റകുറ്റപ്പണികള്‍ക്കുമയി ഓരോ മേഖലകളിലും നാലു പേര്‍ വീതമുള്ള മൊബൈല്‍ യൂണിറ്റും പട്രോളിംഗിനായുണ്ട്.