Connect with us

Kerala

വിതരണക്കാരില്ല; സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപ ത്രികളില്‍ അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍നിന്ന് മരുന്നുകള്‍ ആശുപത്രികളില്‍ എത്തിക്കാന്‍ വിതരണക്കാരെ ലഭിക്കാത്തതാണ് മരുന്നു ക്ഷാമത്തിന് കാരണം. ഇതിനെ തുടര്‍ന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ (കെ എം എസ് സി എല്‍) മരുന്നു വിതരണത്തിനായി റീ ടെന്‍ഡറിനുള്ള തയ്യാറെടുപ്പിലാണ്.
അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 130 ഓളം ഇനം മരുന്നുകള്‍ക്കാണ് ആശുപത്രികളില്‍ ദൗര്‍ലഭ്യം ഉണ്ടാകുന്നത്. ക്യാന്‍സറിന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഇക്കൂട്ടത്തിലുണ്ട്. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് പുറമെ നാഡീരോഗങ്ങള്‍, ആമാശയ രോഗങ്ങള്‍, ഹൃദ്രോഗം, നെഫ്രോ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതിനു പുറമെ റേഷനലൈസ്ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്കും ദൗര്‍ലഭ്യം ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്. റീ ടെന്‍ഡര്‍ നടത്തി പുതിയ ബിഡ് ക്ഷണിക്കുന്നതോടെ മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ആശുപത്രികളില്‍ ആവശ്യമുള്ള മരുന്നുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ എം സി എസ് എല്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആശുപത്രികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ കെ എം സി എസ് എല്ലിന് പുറത്തുപോയി മരുന്നുകള്‍ വാങ്ങാവുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമുള്ള അവശ്യ മരുന്നുകളുടെയും റേഷനലൈസ്ഡ് മരുന്നു ലിസ്റ്റില്‍പ്പെട്ടവയുടെയും ലിസ്റ്റ് കെ എം എസ് സി എല്‍ തയ്യാറാക്കുന്നതിനായി വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളജ്, താലൂക്ക് ആശുപത്രികളിലെ ഫാര്‍മസിസ്റ്റുമാരും ഡോക്ടര്‍മാരുമാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 550 ഓളം മരുന്നുകള്‍ ആവശ്യമുള്ളതായാണ് ശില്‍പ്പശാലയില്‍ കണ്ടെത്തിയത്.