Connect with us

International

ആണവപദ്ധതി ഇറാന്‍ താല്‍ക്കാലികമായി മരവിപ്പിക്കും: ആണവ ചര്‍ച്ചയില്‍ ധാരണ

Published

|

Last Updated

ജനീവ: ആണവ പദ്ധതികള്‍ താത്കാലികമായി മരവിപ്പിക്കാന്‍ ഇറാനും ആറ് ലോക രാഷ്ട്രങ്ങളും തമ്മില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണ. ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കുന്നതിന് പകരം ഇറാന് മേല്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കും. ചര്‍ച്ചകള്‍ ഫലം കണ്ടതോടെ പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന തര്‍ക്കങ്ങള്‍ക്കാണ് താത്കാലികമായെങ്കിലും പരിഹാരമായത്.
ഐക്യരാഷ്ട്ര സഭാ സ്ഥിരാംഗങ്ങളായ യു എസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെയും ജര്‍മനിയുടെയും വിദേശകാര്യ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ രൂപപ്പെട്ടത്. യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര മേധാവി കാതറിന്‍ ആഷ്തനാണ് നാല് ദിവസമായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. ആണവ വിഷയത്തില്‍ ധാരണയായതായി കാതറിന്‍ ആഷ്തനും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ള്വരീഫും സ്ഥിരീകരിച്ചു.
യുറേനിയം സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതിനൊപ്പം ലോക രാഷ്ട്രങ്ങള്‍ക്ക് ആണവ പദ്ധതികള്‍ പരിശോധിക്കാനും ഇറാന്‍ സമ്മതം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) യും കരാറില്‍ ഒപ്പ് വെച്ച രാഷ്ട്രങ്ങളും സംയുക്തമായി സമിതി രൂപവത്കരിച്ചാകും പരിശോധന. രാഷ്ട്രമെന്ന നിലയില്‍ ഇറാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.
ആണവായുധം നിര്‍മിക്കാനാണ് ഇറാന്റെ ശ്രമമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം തള്ളിയ ഇറാന്‍, ഊര്‍ജോത്പാദനത്തിനാണ് യുറേനിയം ഉപയോഗിക്കുന്നതെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി. ആണവോര്‍ജം ഉത്പാദിപ്പിക്കുന്നത് ആയുധങ്ങള്‍ നിര്‍മിക്കാനാണെന്ന ആരോപണത്തെ ഇറാന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം വട്ടമാണ് ഇറാന്റെ ആണവ വിഷയം ഏഴംഗ വിദേശകാര്യ മന്ത്രിമാരുടെ സംഘം ചര്‍ച്ച ചെയ്യുന്നത്. ജനീവയില്‍ ബുധനാഴ്ച ആരംഭിച്ച ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് ആറ് രാജ്യങ്ങളിലെയും വിദേശകാര്യ മേധാവികള്‍ ജനീവയിലെത്തിയത്. മഹ്മൂദ് അഹ്മദി നജാദിന് ശേഷം ഇറാന്‍ പ്രസിഡന്റായി ഹസന്‍ റൂഹാനി ചുമതലയേറ്റ് മാസങ്ങള്‍ക്കകമാണ് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരമാകുന്നത്. റുഹാനി ആഗസ്റ്റില്‍ ഇറാന്‍ പ്രസിഡന്റായശേഷം നടക്കുന്ന മൂന്നാം വട്ട ചര്‍ച്ചയിലാണ് സുപ്രധാന ധാരണ ഉണ്ടായത്. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയൂം തീരുമാനത്തെ പിന്തുണച്ചു. ഇത് ആദ്യ ഘട്ടം മാത്രമാണെന്നും ഇതേ രീതിയില്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
കരാറിനെ യു എസ് പ്രസിഡന്റ് ബരാക് ഒബാമ സ്വാഗതം ചെയ്തു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ കരാറിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കരാറില്‍ നിന്ന് ഇറാന്‍ വ്യതിചലിക്കുകയാണെങ്കില്‍ ഉപരോധം പുനഃസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്ന് യു എസ് മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് കരാറിലൂടെ സാധിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു.