Connect with us

Palakkad

അവസരനിഷേധം കൊണ്ട് ആര്‍ക്കും നീതി ലഭിക്കാതെ പോകരുത്: ജില്ലാ സെഷന്‍സ് ജഡ്ജി

Published

|

Last Updated

പാലക്കാട്: അവസരം നിഷേധിക്കുന്നതു കൊണ്ട് ആര്‍ക്കും നീതി ലഭിക്കാതെ പോകരുതെന്നും അദാലത്തുകള്‍ പരമാവധി പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ സെഷന്‍സ് ജഡ്ജി മേരി ജോസഫ് പറഞ്ഞു. നാഷനല്‍ ലോക് അദാലത്തിന്റെ ജില്ലാതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കോടതിയുടെ ദൈനംദിനപ്രവൃത്തികള്‍ നിര്‍ത്തിവെച്ചാണ് അദാലത്ത് നടത്തുന്നത്. പരമാവധി കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കും. ലോക് അദാലത്തില്‍ തീര്‍പ്പാക്കുന്നവ അന്തിമമായിരിക്കുമെന്നും അത്തരം പരാതികള്‍ക്ക് പിന്നീടൊരു അപ്പീല്‍ ആവശ്യം വരികയില്ലെന്നും അവര്‍ പറഞ്ഞു. കോടതികളില്‍ കാലങ്ങളായി കെട്ടികിടക്കുന്ന കേസുകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാനാവുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു.
ഇന്ത്യയൊട്ടാകെയുള്ള കോടതികളില്‍ നടത്തുന്ന നാഷനല്‍ ലോക് അദാലത്തിന്റെ ഭാഗമായാണ് പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും സംയുക്തമായി ജില്ലാ കോടതി പരിസരത്ത് അദാലത്ത് സംഘടിപ്പിച്ചത്. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ അദാലത്തില്‍ പങ്കെടുത്തു. അദാലത്തില്‍ 18 ബൂത്തുകള്‍ വിവിധ കേസുകള്‍ക്കായി ഒരുക്കി. സിവില്‍ (220), ക്രിമിനല്‍ (98), എം എ സി ടി (214), ബാങ്ക് (837), മറ്റുള്ളവ (ഒന്ന്)ഉള്‍പ്പെടെ 1370 കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാര്‍ പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ജോണി സെബാസ്റ്റ്യന്‍, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി പി കൃഷ്ണന്‍കുട്ടി സംസാരിച്ചു.