Connect with us

Malappuram

മദ്രസകളുടെ സമഗ്ര വികസനം : 13 കോടി വിതരണം ചെയ്തു

Published

|

Last Updated

മലപ്പുറം: മദ്രസകളുടെ സമഗ്ര വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 16.21 കോടി രൂപയില്‍ നിന്നും 13, 81,32500 രൂപ വിതരണം ചെയ്തു. സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എജുക്കേഷന്‍ ഇന്‍ മദ്രസ (എസ് പി ക്യൂ ഇ എം) പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട 643 മദ്രസകളില്‍ 593 എണ്ണത്തിനുള്ള വിഹിതമാണ് വിതരണം ചെയ്തത്. ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് മുഴുവന്‍ മദ്രസകള്‍ക്കുമുള്ള വിഹിതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റര്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓപണ്‍ സ്‌കൂളിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മദ്രസ പ്രവര്‍ത്തനം സംബന്ധിച്ച കൃത്യമായ വിവരങ്ങളും കണക്കുകളും നല്‍കുന്നതുമായ മദ്രസകളെയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനത്തിനും അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനുമായാണ് സാമ്പത്തിക സഹായം നല്‍കുന്നത്. ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങള്‍ക്ക് 15000 രൂപയും സയന്‍സ്, കംപ്യൂട്ടര്‍ ലാബുകള്‍ ഒരുക്കുന്നതിന് ഒരു ലക്ഷം രൂപയും നല്‍കും. മദ്രസകളില്‍ ശാസ്ത്രം, ഗണിതം, ഇംഗ്ലിഷ്, സാമൂഹിക ശാസ്ത്രം, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ബിരുദമുള്ളവര്‍ക്ക് 6000 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 12,000 രൂപയും അനുവദിക്കുന്നതും ഈ ഫണ്ടില്‍ നിന്നാണ്. കൂടാതെ ലൈബ്രറി, പുസ്തകങ്ങള്‍, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കും എസ് സി ഇ ആര്‍ റ്റി യുടെയും ഡയറ്റിന്റെയും പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായുള്ള ഫണ്ടും പദ്ധതി വഴി നല്‍കും.

Latest