Connect with us

Editorial

നീതിന്യായ വ്യവസ്ഥക്ക് തുരങ്കം വെക്കരുത്

Published

|

Last Updated

സഹപത്രപ്രവര്‍ത്തകയോട് നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്( ലൈംഗികമായി പീഡിപ്പിച്ചതിന്). എന്നാല്‍, തിളക്കമാര്‍ന്ന ചരിത്രമുള്ള “തെഹല്‍ക” ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ വാക്കുകൊണ്ട് മാത്രമുള്ള പ്രായശ്ചിത്തം പോരാത്തതിനാല്‍, അടുത്ത ആറ് മാസത്തേക്ക് തെഹല്‍കയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നു.- പത്രാധിപര്‍ കൂടിയായ തരുണ്‍ തേജ്പാല്‍ കുമ്പസാരിക്കുമ്പോള്‍ ആരും ഒന്ന് അമ്പരന്ന് പോകും. എന്തൊരു ഹൃദയവിശാലതയെന്ന് ചിന്തിച്ചുപോകും. എന്നാല്‍, ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കപട വേഷംകെട്ടലാണെന്ന് തേജ്പാലിന്റെ തുടര്‍ ചെയ്തികള്‍ സാക്ഷ്യപ്പെടുത്തുന്നു. തേജ്പാല്‍ പത്രാധിപരായുള്ള പ്രസിദ്ധീകരണത്തില്‍ സഹ പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് “ഏമാന്‍ പത്രാധിപര്‍” സ്വയം ശിക്ഷ വിധിച്ചത്. ഗോവയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച, ഒട്ടേറെ വി ഐ പികള്‍ സംബന്ധിച്ച സാഹിത്യ സമ്മേളനത്തിനിടെയാണ് സഹപ്രവര്‍ത്തകയായ യുവതിയോട് തേജ്പാല്‍ കൊള്ളരുതായ്മ കാണിച്ചത്. ലിഫ്ടില്‍വെച്ച് ഒരു തവണയല്ല, രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ യുവതി വ്യക്തമാക്കിയത്. എന്നാല്‍, “മദ്യലഹരിയില്‍ നടത്തിയ വെറും നേരമ്പോക്ക്” മാത്രമായിരുന്നു ഇതെന്ന് ലഘൂകരിച്ച് കാണാനാണ് തേജ്പാല്‍ മുതിര്‍ന്നത്. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണത്രെ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഏതായാലും പോലീസിന്റെ ജോലി തെഹല്‍ക മാനേജിംഗ് ഡയറക്ടര്‍ തന്നെ ഏറ്റെടുത്തു. അന്വേഷണത്തിന് ഉര്‍വശി ബുട്ടാലിയയുടെ നേതൃത്വത്തില്‍ ഒരു മൂന്നംഗ സംഘത്തെ നിയോഗിച്ചു. സംഭവം തങ്ങളുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടിലാണ് തെഹല്‍ക.
സമാനമായ ഒരു സംഭവം നമ്മുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലും ഉണ്ടായി. ഒരു നിയമ വിദ്യാര്‍ഥിനിയെ കഴിഞ്ഞ വര്‍ഷം ഒരു സുപ്രീം കോടതി ജഡ്ജി പീഡിപ്പിച്ചതായാണ് പരാതി ഉയര്‍ന്നത്. ഈ സംഭവം അന്വേഷിക്കാന്‍ മൂന്ന് ജഡ്ജിമാരടങ്ങിയ ഒരു കമ്മിറ്റിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവം നിയോഗിച്ചിരിക്കുകയാണ്. പ്രഗത്ഭരായ ജഡ്ജിമാരാണ് കമ്മിറ്റി അംഗങ്ങള്‍ എന്ന് സമ്മതിച്ചുകൊടുക്കുമ്പോള്‍തന്നെ, ബലാത്സംഗം പോലുള്ള കേസുകളില്‍ നിയമം അനുശാസിക്കുന്ന പാത പിന്തുടരാതെ അന്വേഷണ പാനലിനെ നിയോഗിച്ചതിനെ സുപ്രീം കോടതി മുന്‍ ജഡ്ജിയും സാമൂഹിക, സാംസ്‌കാരിക നായകനുമായ വി ആര്‍ കൃഷ്ണയ്യര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ആരോപണവിധേയനായ, സുപ്രീം കോടതിയില്‍ നിന്ന് ഇയ്യിടെ മാത്രം വിരമിച്ച ജഡ്ജിയുടെ പേര്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പേര്‍ വെളിപ്പെടുത്താത്തത് സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാരെയാകെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. സ്ഥാന വലിപ്പത്തിനനുസരിച്ച് നിയമനടപടികളിലും വ്യതിയാനമുണ്ടാകുന്നത്, നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരെന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തഃസത്തയെ പരിഹാസ്യമാക്കുകയാണ്.
സംഭവങ്ങള്‍ പുറത്തറിയുകയും കേസെടുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തതോടെ ഗോവ പോലീസ് തേജ്പാലിനെതിരെ കേസെടുത്തിട്ടുണ്ട്. പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഗോവ പോലീസ് ചുമത്തിയിരിക്കുന്നത്. തേജ്പാലിനെ ചോദ്യം ചെയ്യാനോ ഒരുപക്ഷെ അറസ്റ്റ് ചെയ്യാന്‍തന്നെയോ ഗോവ പോലീസ് ഡല്‍ഹിയിലേക്ക് പുറപ്പെടുകയാണ്. അഴിമതികള്‍ക്കും അനീതികള്‍ക്കും എതിരായി പട പൊരുതുന്ന പടവാളെന്ന തെഹല്‍കയുടെ സല്‍പ്പേരിന് ഈ സംഭവം കളങ്കം ചാര്‍ത്തിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിക്കെതിരെ നിയമ വിദ്യാര്‍ഥിനിയില്‍ നിന്നുയര്‍ന്ന ആരോപണവും അതീവ ഗൗരവമുള്ളതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷിക്കണം. ജഡ്ജിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനമില്ലാത്തതും സ്വഭാവഹത്യാപരവുമാണെന്ന് കാണുന്നുവെങ്കില്‍ പരാതിക്കാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ജഡ്ജിക്കെതിരെ നിയമാനുസരണം നടപടി സ്വീകരിക്കണം. ന്യായാധിപനായതിനാല്‍ അദ്ദേഹത്തോട് ഉദാരസമീപനം സ്വീകരിച്ചാല്‍ അത് ഇന്ത്യന്‍ നീതിന്യായപീഠത്തിന്റെ അടിസ്ഥാനശിലകള്‍ക്ക് തുരങ്കം വെക്കലായിരിക്കും.

Latest