Connect with us

Ongoing News

ഷാഫി പറമ്പില്‍ സെലിബ്രിറ്റി ടീം ക്യാപ്റ്റന്‍

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ജേര്‍ണലിസ്റ്റ് പ്രിമീയര്‍ ലീഗിലെ സെലിബ്രിറ്റി ടീമിനെ ഷാഫി പറമ്പില്‍ എം എല്‍ എ നയിക്കും. 14 ജില്ലകളിലെയും പ്രസ്‌ക്ലബ്ബ് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലാണ് സെലിബ്രിറ്റി ടീം ഇറങ്ങുക.
എസ് ബി ടി- ജെ പി എല്ലിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങും ലോഗോ പ്രകാശനവും 27ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. 27 മുതല്‍ 30 വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജെ പി എല്ലില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സനത് ജയസസൂര്യ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടക സമിതി രക്ഷാധികാരി കേന്ദ്ര മന്ത്രി ശശി തരൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകിട്ട് നടക്കുന്ന ഫൈനല്‍ മത്സരങ്ങളുടെ സമാപന ചടങ്ങിലാകും ജയസൂര്യ പങ്കെടുക്കുക.
28ന് രാവിലെ ഏഴ് മണി മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. വൈകിട്ട് 3.30നാണ് ഉദ്ഘാടന മത്സരം. സിനിമാ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരടങ്ങിയ സെലിബ്രിറ്റി ടീമും തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ ടീമും തമ്മിലാണ് ഉദ്ഘാടന മത്സരം. ശശി തരൂര്‍ ബാറ്റ് ചെയ്ത് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എം എല്‍ എമാരായ പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, ആര്‍ രാജേഷ്, ഋഷിരാജ് സിംഗ് സിനിമാരംഗത്തെ പ്രമുഖരും സെലിബ്രിറ്റി ടീമിലുണ്ട്.
30ന് രാവിലെ 7.30ന് ആദ്യ സെമി ഫൈനലും 9.30ന് രണ്ടാം സെമി ഫൈനലും നടക്കും. ഉച്ചക്ക് 2.30നാണ് ഫൈനല്‍ മത്സരം. ജെ പി എല്‍ ബ്രാന്‍ഡ് അംബാസഡര്‍ ശ്വേതാ മേനോനും രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. വിജയിക്കുന്ന ടീമിന് ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് അമ്പതിനായിരം രൂപയും ട്രോഫിയും ലഭിക്കും.
ഇതിനു പുറമെ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് സമ്മാനങ്ങളും ഉണ്ടാകും. ജെ പി എല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ജയിംസ്, ജനറല്‍ കണ്‍വീനര്‍ ബിജു ചന്ദ്രശേഖര്‍, ട്രഷറര്‍ ജയന്‍ മേനോന്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പങ്കജ് സേനന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest