Connect with us

International

സുരക്ഷാ കരാര്‍: യു എസ് ആവശ്യം അഫ്ഗാനിസ്ഥാന്‍ തള്ളി

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിദേശ സൈനികര്‍ തുടരുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ അയവില്ല. തിരഞ്ഞെടുപ്പിന് മുമ്പ് കരാറില്‍ ഒപ്പിടില്ലെന്ന അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുടെ പ്രസ്താവനയോടുള്ള അമേരിക്കന്‍ പ്രതികരണവും അഫ്ഗാന്‍ തള്ളി. കരാറില്‍ ഒപ്പിടുന്നതിനുള്ള കാലതാമസം വരുത്തരുതെന്ന യു എസ് നിര്‍ദേശമാണ് അഫ്ഗാന്‍ തള്ളിയത്.
ഉഭയകക്ഷി സുരക്ഷാ കരാര്‍ ( ബി എസ് എ) സംബന്ധിച്ചാണ് ഇരു രാജങ്ങളും തര്‍ക്കം നിലനില്‍ക്കുന്നത്. 2014 ല്‍ അഫ്ഗാനില്‍ നിന്ന് 75,000 നാറ്റോ സൈനികര്‍ സ്വദേശങ്ങളിലേക്ക് മടങ്ങേണ്ട സാഹചര്യത്തില്‍ ഇതിനു ശേഷവും അമേരിക്കന്‍ സേനക്ക് അഫ്ഗാനില്‍ തുടരുന്നതിനാണ് കരാര്‍. ഇപ്പോള്‍ അഫ്ഗാനില്‍ തുടരുന്ന വിദേശ സൈനികര്‍ നാറ്റോക്ക് കീഴിലാണ്. യു എസ് സേനയാണ് നാറ്റോയിലെ അംഗങ്ങളിലേറെയും.
കരാര്‍ ഒപ്പിട്ടാല്‍ 15,000 വിദേശ സൈനികര്‍ക്ക് അഫ്ഗാനില്‍ തുടരാമെന്നാണ് പ്രസിഡന്റ് ഹാമിദ് കര്‍സായി പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന നിലപാടിലാണ് അഫ്ഗാന്‍. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സുരക്ഷാ കരാര്‍ അഫ്ഗാനിലെ രാഷ്ട്രീയ നേതൃത്വവും സാമുദായിക നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് ചര്‍ച്ച ചെയ്തത്. യു എസ് സേന തുടരുന്നതില്‍ എതിര്‍പ്പില്ലെങ്കിലും അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എവിടെ പ്രോസിക്യൂട്ട് ചെയ്യും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് തര്‍ക്കമുള്ളത്. സുരക്ഷാ കരാര്‍ സംബന്ധിച്ച് യു എസ് അഫ്ഗാന് എന്തെങ്കിലും അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് കര്‍സായിയുടെ വക്താവ് ഐമല്‍ ഫൈസി പറഞ്ഞു. എന്നാല്‍ വൈറ്റ് ഹൗസ് വക്താവിന്റെ പ്രതികരണം മറിച്ചായിരുന്നു. ഈ വര്‍ഷം അവസാനത്തിനകം കരാറില്‍ ഒപ്പിടണമെന്നാണ് പ്രസിഡന്റ് ഒബാമ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ യു എസ് സേന തുടരണമോയെന്ന കാര്യത്തില്‍ പ്രസിഡന്റ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതു സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് ഫൈസി പറഞ്ഞത്. പ്രസിഡന്റ് ഹാമിദ് കര്‍സായിയുടെ തീരുമാനവും പൗരപ്രമുഖ(ലോയ ജിര്‍ഗ)രുടെ അനുമതിയുമാണ് കരാറിന് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Latest