Connect with us

Kerala

തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്ന് സി പി എം ജില്ലാഘടകം

Published

|

Last Updated

തിരുവനന്തപുരം: അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് സി പി ഐയില്‍ നിന്ന് ഏറ്റെടുക്കണമെന്ന് സി പി എം ജില്ലാ കമ്മിറ്റി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയാണ് കത്ത് മുഖേന ജില്ലാ ഘടകം ഇക്കാര്യം അറിയിച്ചത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥിക്കെ വിജയ സാധ്യതയുള്ളൂവെന്ന് വിലയിരുത്തിയാണ് ജില്ലാ ഘടകം ആവശ്യമുന്നയിച്ചിരിക്കുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കടുത്ത മത്സരം നടക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. സി പി എം ഏറ്റെടുത്താല്‍ ഇടതുമുന്നണിക്ക് സീറ്റ് ലഭിക്കും. ഇക്കാര്യം വരുന്ന എല്‍ ഡി എഫ് യോഗത്തില്‍ ആവശ്യപ്പെടണമെന്നും സി പി എം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഇടതുമുന്നണിയില്‍ സി പി ഐയാണ് തിരുവനന്തപുരം സീറ്റില്‍ മത്സരിക്കുന്നത്. എന്നാല്‍ 1980 മുതല്‍ പത്ത് തവണ മത്സരിച്ചപ്പോള്‍ മൂന്ന് തവണ മാത്രമാണ് മുന്നണി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. കഴിഞ്ഞ പ്രാവശ്യം 99,998 വോട്ടുകള്‍ക്കാണ് ശശി തരൂരിനോട് സി പി ഐ സ്ഥാനാര്‍ഥി രാമചന്ദ്രന്‍ നായര്‍ തോറ്റത്. ഇത്തവണ ശശി തരൂരിനോട് ഏറ്റുമുട്ടാന്‍ സി പി ഐക്ക് മികച്ച സ്ഥാനാര്‍ഥിയില്ലാത്തത് കൊണ്ട് സ്ഥിതി ദയനീയമാകുമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. അതുകൊണ്ട് സി പി എം സീറ്റ് ഏറ്റെടുത്ത് പകരം മറ്റൊരു സീറ്റ് നല്‍കണമെന്നാണ് തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. അതേസമയം ശശി തരൂരിനെ നേരിടാന്‍ പറ്റിയ സ്ഥാനാര്‍ഥികള്‍ സി പി എമ്മില്‍ ഒന്നിലധികം ഉണ്ടെന്നാണ് ജില്ലാകമ്മിറ്റിയുടെ അഭിപ്രായം. എന്നാല്‍ ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യത്തില്‍ താത്പര്യവും സി പി ഐയുടെ പ്രതികരണവും അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.
അതേസമയം കഴിഞ്ഞ തവണ പൊന്നാനി സീറ്റിനെചെല്ലിയുണ്ടായ തര്‍ക്കം മുന്നണിയെ ദോഷമായാണ് ബാധിച്ചത്. ഈ സാഹചര്യത്തില്‍ സി പി ഐയുമായി ഏറ്റുമുട്ടലിന് സാധ്യതയുള്ള നിര്‍ദേശങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം എത്രേത്താളം പരിഗണിക്കുമെന്നത് കണ്ടറിയേണ്ടിവരും. തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കാന്‍ സി പി ഐ സമ്മതിച്ചാല്‍ തന്നെ പകരം മറ്റേത് സീറ്റ് പകരം കൊടുക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.