Connect with us

Kasargod

ദേശീയപാത: സര്‍വേ നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലമെടുപ്പ് സര്‍വേ നടത്താനെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും റവന്യൂ അധികാരികളെയും നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് സര്‍വെ നടത്താന്‍ പള്ളിക്കരയിലും കരുവാച്ചേരിയിലും രണ്ടു വകുപ്പുകളിലേയും സ്‌പെഷ്യല്‍ സ്‌ക്വാഡില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഹൊസദുര്‍ഗ് തഹസില്‍ദാര്‍ വൈ എം സി സുകുമാരന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയത്. ഇതറിഞ്ഞ നാട്ടുകാര്‍ സ്ത്രീകളെയും കുട്ടികളെയും കൂട്ടി സര്‍വെ തടയുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. നീലേശ്വരം പോലീസില്‍ വേണ്ടത്ര ആളില്ലാത്തതിനാല്‍ കാസര്‍കോട് നിന്ന് കെ എ പി ബറ്റാലിയനെ നീലേശ്വരത്തെത്തിക്കുകയും സര്‍വെയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആരെയും സര്‍ക്കാര്‍ തീരുമാനമുണ്ടാകുന്നതുവരെ ഒഴിപ്പിക്കില്ലെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്‍കിയതോടെയാണ് എതിര്‍പ്പുമായി വന്നവര്‍ ശാന്തരായത്. പോലീസുമായുള്ളവാക്കു തര്‍ക്കത്തിനിടയില്‍ എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ബിശ്വാസ് പള്ളിക്കരയും സഹോദരി ശോഭയും സംഭവസ്ഥലത്ത് കുഴഞ്ഞുവീണത് പരിഭ്രാന്തി പടര്‍ത്തി. പോലീസ് ഇവരെ നീലേശ്വരം സഹകരണാശുപത്രിയില്‍ എത്തിച്ചു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സ്ഥലമെടുപ്പ് തടയാനെത്തിയ സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ നിലേശ്വരം, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് സ്റ്റേഷനില്‍നിന്ന് വനിതാപോലിസിനെ എത്തിച്ചിരുന്നു. ആറങ്ങാടി, കൂളിയങ്കാല്‍ ഭാഗങ്ങളിലും ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സര്‍വെ തടഞ്ഞിരുന്നു.

Latest