Connect with us

Palakkad

ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ഇറങ്ങിപ്പോക്ക്‌

Published

|

Last Updated

പാലക്കാട്: സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി വില്‍പ്പനകേന്ദ്രത്തിന് അനുമതി നല്‍കിയ ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങള്‍ നഗരസഭയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍, പ്രതിപക്ഷകക്ഷികളായ ബി ജെ പിയും സി പി എമ്മും ചെയര്‍മാന് യോഗം സുഗമമായി നടത്തുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ചു.
മൂന്ന് സ്വതന്ത്രാംഗങ്ങളും ചെയര്‍മാനെ പിന്തുണച്ചു. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പില്‍പ്പെട്ട എല്ലാം അംഗങ്ങളും ചെയര്‍മാനെതിരെ തിരിഞ്ഞു. എഗ്രൂപ്പിന്റെ പേരില്‍ ചെയര്‍മാനായ ഖുദ്ദൂസ് ഇന്നലെ യോഗത്തില്‍ ഒറ്റപ്പെടുകയും ചെയ്തു.അതേ സമയം ബി ജെപിയിലെ അംഗങ്ങള്‍ക്കിടയിലെ ഗ്രൂപ്പ് സമവാക്യങ്ങളും യോഗത്തില്‍ പ്രകടമായി.
ബി ജെ പി കൗണ്‍സിലറും ജില്ലാ പ്രസിഡന്റുമായ സി കൃഷ്ണകുമാര്‍ ഈ വിഷയത്തില്‍ മുഖ്യ പങ്ക് വഹിച്ചെന്ന ആരോപണ വിധേയരായ വി നടേശനെതിരെ നടപടിയെടുക്കണമെന്നാവശ്യം ഉന്നയിക്കുമ്പോള്‍ ബി ജെ പി കൗണ്‍സിലറും വിമത വിഭാഗ അനുകൂലിയുമായ എന്‍ ശിവരാജന്‍ നടേശനെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഒരു മുനിസിപ്പല്‍ കൗണ്‍സിലര്‍ മാത്രം വിചാരിച്ചാല്‍ ഇത് നടപ്പാലാകില്ലെന്നും കൗണ്‍സിലര്‍മാര്‍ പലതും പറയും അതിന്റെ നിയമം അനുസരിച്ചുമാത്രമേ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാവൂമെന്ന് പറഞ്ഞ് നടേശനെ രക്ഷിക്കാനും കുറ്റം ഉദ്യോഗസ്ഥര്‍ക്ക് മീതെ ചുമത്താനുമാണ് ശ്രമം നടത്തിയത്. ബഹളത്തോടെയാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. ലോട്ടറി കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രമേയവുമായി എല്‍ ഡി എഫും യു ഡി എഫിന്റെ പിന്തുണയില്ലാത്ത ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളും ലോട്ടറിയില്‍ പിടിച്ചുതൂങ്ങി. ബി ജെ പിയും രംഗത്തെത്തിയതോടെ ബഹളമയമായി.
മാര്‍ട്ടിനുമായി അഴിമതിക്ക് കൂട്ടുനിന്ന് കൗണ്‍സിലിനെ അപമാനിച്ച ചെയര്‍മാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയും ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നിലെന്നും രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ചെയര്‍മാന്റെ മുന്നില്‍ മുദ്രാവാക്യംവിളിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നാലെ ലോട്ടറി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് അംഗങ്ങളും യോഗം ബഹിഷ്‌കരിച്ചു.
തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ച് യു ഡി എഫ് അനുകൂല ജീവനക്കാരുടെ സംഘടനയായ കെ എം സി എസ എയുടെ നേതൃത്വത്തില്‍ നഗരസഭ‘കൗണ്‍സിലിലേക്ക് മാര്‍ച്ച് നടത്തി. നടപടി ചട്ടപ്രകാരം വേണമെന്നും ലൈസന്‍സ് നല്‍കുന്നതിന് കൂട്ടുനിന്ന കൗണ്‍സിലര്‍ക്കെതിരെയും നടപടിവേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കൗണ്‍സിലിന് മുന്നില്‍ നിന്ന് പ്രതിഷേധക്കാരെ പോലീസ് ഇടപെട്ട് മാറ്റി. അതോടെ പ്രതിഷേധം ചെയര്‍മാന്റെ ചേംബറിന് മുന്നിലായി. തുടര്‍ന്ന് ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാമെന്നും കൗണ്‍സിലര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നുമുള്ള ചെയര്‍മാന്റെ ഉറപ്പില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ടാണെന്ന് കൗണ്‍സിലില്‍ ആരോപണമുയര്‍ന്നു.
ഉത്തരംപറയേണ്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇറങ്ങിപ്പോയതും ആക്ഷേപത്തിനിടയാക്കി. ചെയര്‍മാനും കവിതാപിള്ളയും ഒരു ജനപ്രതിനിധിയും മൂന്നുദിവസം ചര്‍ച്ച നടത്തിയത് സംബന്ധിച്ചും ചോദ്യം ഉയര്‍ന്നു. രണ്ടുവര്‍ഷംമുമ്പുള്ള കാര്യമായതിനാല്‍ ഓര്‍മയില്ലെന്നും പെട്ടെന്ന് പറയാന്‍ പറ്റില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. കവിതാപിള്ളയെ മുഖ്യമന്ത്രിയെ കാണാന്‍ കൊണ്ടുപോയവരെ പറ്റിയും ചോദ്യമുയര്‍ന്നു.
കോണ്‍ഗ്രസിന്റെ ബഹിഷ്‌കരണം ചിലര്‍ അടിച്ചേല്‍പ്പിച്ചതാണെന്ന് ചെയര്‍മാന്‍ പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചാല്‍ രാജിവെക്കുമെന്നും ചെയര്‍മാന്‍ എ അബ്ദുള്‍ ഖുദ്ദൂസ് വ്യക്തമാക്കി. എന്‍ ശിവരാജന്‍, സി കൃഷ്ണകുമാര്‍, കുമാരി, അഷ്‌കര്‍, പി സ്മിതേഷ്, വിശ്വനാഥന്‍, സഹദേവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആരോപണ വിധേയനായ വി നടേശനും യോഗത്തില്‍ പങ്കെടുത്തു.
ലോട്ടറി വിവാദം

Latest