Connect with us

National

കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി പദവി റദ്ദാക്കണം: ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: എ ഐ സി സി വൈസ് പ്രസിഡന്റ് നിരന്തരമായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം റദ്ദ് ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് ബി ജെ പിയുടെ പ്രതിനിധി സംഘം ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനറെ സമീപിച്ചു. കഴിഞ്ഞ 16ന് ഛത്തീസ്ഗഢില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു റാലിയില്‍ വെച്ച് ബി ജെ പി സര്‍ക്കാറിനെ “കള്ളന്മാരും നുണയന്മാരും” എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഇന്നലെ പാര്‍ട്ടി പ്രതിനിധി സംഘം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചത്. ബി ജെ പി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലായിരുന്നു പ്രതിനിധി സംഘം.
കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബി ജെ പി സാമൂഹിക സംഘര്‍ഷം ഉണ്ടാക്കുന്നു എന്ന രീതിയിലുള്ള രാഹുലിന്റെ പരാമര്‍ശവും പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. തെറ്റായതും അപകീര്‍ത്തികരവും നിന്ദാപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കെതിരെ ഉന്നയിക്കുന്നത്. ഛത്തീസ്ഗഢ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന നന്ദകുമാര്‍ പട്ടേലിന്റെ മരണം സംബന്ധിച്ച് കോണ്‍ഗ്രസ് തെറ്റായ പ്രചാരണമാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. നന്ദകുമാറിനെ ബി ജെ പിക്കാര്‍ കൊലചെയ്തുവെന്നാണ് അവരുടെ പ്രചാരണം. എന്നാല്‍ അദ്ദേഹം കൊല ചെയ്യപ്പെട്ടത് നക്‌സല്‍ ആക്രമണത്തിലാണെന്ന് നഖ്‌വി പറഞ്ഞു. അന്ന് വേറെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. “മോഡിയുടെ കളവുകള്‍ ആസ്വദിക്കു” എന്ന് മധ്യപ്രദേശിലെ പത്രങ്ങളില്‍ കോണ്‍ഗ്രസ് നല്‍കിയ പരസ്യത്തെ കുറിച്ചും ബി ജെ പി പരാതിപ്പെട്ടിട്ടുണ്ട്. ഇതു പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പി പ്രതിനിധിസംഘം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മുമ്പാകെ സമര്‍പ്പിച്ചു.
നിരന്തരമായി ഇങ്ങനെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതിനാല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടിയായി തുടരാന്‍ അര്‍ഹതയില്ല. അതുകൊണ്ട് എത്രയും വേഗം ഇക്കാര്യം പരിശോധിച്ച് നടപടി കൈക്കൊള്ളണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ബി ജെ പി ആവശ്യപ്പെടുന്നു.

Latest