Connect with us

National

ഹസാരെ- കെജ്‌രിവാള്‍ വാക്‌പോര് തുടരുന്നു

Published

|

Last Updated

ഹസാരെയെ ആരോ
തെറ്റിദ്ധരിപ്പിച്ചു: കെജ്‌രിവാള്‍

Anna-Kejriwal2LLന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ എ പി) തന്റെ പേര് ദുരുപയോഗം ചെയ്യുന്നവെന്ന അന്നാ ഹസാരെയുടെ ആരോപണത്തെ അരവിന്ദ് കെജ്‌രിവാള്‍ തള്ളിക്കളഞ്ഞു. അന്നാ ഹസാരെയെ ആരോ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
തന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ എ എ പി പാര്‍ട്ടി വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ഹസാരെ കെജ്‌രിവാളിനെതിരെ ഉന്നയിച്ചത്. എന്നാല്‍ ഈ പോസ്റ്ററുകള്‍ വ്യാജമാണെന്നാണ് കെജ്‌രിവാള്‍ വിശദീകരിക്കുന്നത്. അന്നാ ഹസാരെയുടെ പേര് പോലും ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും എ എ പി ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്പാലിന് വേണ്ടി അന്നാ ഹസാരെ ഉപവസിച്ചത് ചരിത്രപരമായ സത്യമാണ്. ജനങ്ങള്‍ക്ക് ജന്‍ലോക്പാല്‍ എന്ന് പറഞ്ഞാല്‍ എളുപ്പത്തില്‍ മനസ്സിലാകില്ല. അതുകൊണ്ട് ഹസാരെയുടെ ലോക്പാല്‍ എന്ന് താന്‍ പ്രസംഗിച്ചിട്ടുണ്ട്. അല്ലാതെ ഹസാരെയുടെ പാര്‍ട്ടി എന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം, തന്റെ പേര് ഇത്തരത്തില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് അന്നാ ഹസാരെയും പറഞ്ഞു.
അതിനിടെ എ എ പി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. ഡല്‍ഹി നിവാസികള്‍ക്ക് പകുതി നിരക്കില്‍ വൈദ്യുതിയും സൗജന്യമായി ശുദ്ധജലവും ലഭ്യമാക്കും എന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. നേരത്തെ തന്നെ പ്രകടന പത്രിക പ്രകാശനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അന്നാ ഹസാരെയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ ഇന്നലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും പ്രകടനപത്രിക ഉറപ്പ് നല്‍കുന്നു.

കെജ്‌രിവാള്‍ സ്വതന്ത്രനായി മത്സരിക്കണം: അന്നാ ഹസാരെ

ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി(എ എ പി) പിരിച്ചുവിട്ട് ഡല്‍ഹി നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കാന്‍ പ്രമുഖ ഗാന്ധിയനായ അന്ന ഹസാരെ തന്റെ പഴയ സഹപ്രവര്‍ത്തകനായ അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് സമഗ്രമായ ലോകായുക്തക്ക് വേണ്ടി അന്നാ ഹസാരെ രംഗത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായിരുന്നു കെജ്‌രിവാള്‍. അന്നാ ഹസാരെയുടെ താത്പര്യത്തിന് വിരുദ്ധമായി കകെജ്‌രിവാള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചതോടെയാണ് ഇരുവരും വഴിപിരിഞ്ഞത്.
“ഇന്ത്യന്‍ ഭരണഘടനയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് പരാമര്‍ശമില്ല. അതുകൊണ്ടുതന്നെ അവ ഭരണഘടനാവിരുദ്ധമാണ്. കോണ്‍ഗ്രസ്, ബി ജെ പി, എ എ പി എന്നിവയിലൊന്നും ഞാന്‍ വ്യത്യാസം കാണുന്നില്ല” -ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്നാ ഹസാരെ പറഞ്ഞു. “സിം കാര്‍ഡ് വിഷയത്തില്‍ കെജ്‌രിവാള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. “ഇന്ത്യ അഴിമതിക്കെതിരെ” എന്ന പ്രക്ഷോഭകാലത്ത് എന്റെ പേരിലാണ് സിം കാര്‍ഡുകള്‍ വിതരണം ചെയ്തത്. കാര്‍ഡ് വിറ്റ് ഫണ്ട് ശേഖരിച്ചു. ഈ കാര്‍ഡും ഫണ്ടും എന്ത് ചെയ്തു”- ഹസാരെ ചോദിച്ചു.
അതേസയം, താനും കെജ്‌രിവാളും യുദ്ധത്തിലാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ വാസ്തവമില്ലെന്നും കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അന്നാ ഹസാരെ കൂട്ടിച്ചേര്‍ത്തു.
“അക്കൗണ്ട് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഹസാരെ സംതൃപ്തി പ്രകടിപ്പിച്ചതാണ്. ഇപ്പോള്‍ ഈ പ്രശ്‌നം ഉന്നയിക്കുന്നത് എന്തിനാണ്”- കെജരിവാള്‍ ചോദിച്ചു. ശേഖരിച്ച ഫണ്ടില്‍ നിന്നും ഒരു രൂപ നഷ്ടപ്പെട്ടാല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.