Connect with us

Gulf

ദേശീയദിനം: വാഹനാഭ്യാസം പാടില്ല

Published

|

Last Updated

അബുദാബി: 42-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വാഹനാഭ്യാസം പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. നിയമ ലംഘനം നടത്തുകയും അപകടങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 28 മുതല്‍ അടുത്ത മാസം അഞ്ചുവരെ വാഹനങ്ങള്‍ അലങ്കരിച്ചു പൊതു നിരത്തില്‍ സഞ്ചരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് കോ ഓര്‍ഡിനേഷന്‍ ജനറല്‍ മാനേജര്‍ ബ്രിഗേഡിയര്‍ ഗെയ്ത്ത് ഹസ്സന്‍ അല്‍ സാബി അറിയിച്ചു.
വാഹനറാലി നടത്തണമെങ്കില്‍ ട്രാഫിക് വിഭാഗത്തില്‍ നിന്ന് അനുമതിപത്രം വാങ്ങണം. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പോലീസ് നിര്‍ദ്ദേശങ്ങളും അനുസരിച്ചുള്ള കാര്യങ്ങള്‍ക്കു മാത്രമെ അംഗീകാരം നല്‍കാനാവൂ. അച്ചടക്കത്തോടും മര്യാദയോടും ദേശീയ ദിനാഘോഷം നടത്തുന്നതിനെ പൊലീസ് വിലക്കുന്നില്ല. വാഹനങ്ങളുടെ അകത്തിരിക്കുന്നവരെ തിരിച്ചറിയാനാവാത്തവിധം 30ശതമാനത്തിലധികം ഇരുണ്ട ഗ്ലാസ് ലേബലുകളൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
കറുത്ത നിറത്തിലുള്ള ടിന്റ് പേപ്പര്‍ വാഹനത്തില്‍ മുമ്പിലെയും പിന്നിലെയും പാര്‍ശ്വഭാഗങ്ങളിലെയും ചില്ലുകളിലൂടെയുള്ള നോട്ടം തടസമാവുംവിധം വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പരമാവധി 30ശതമാനം മാത്രമേ ഇരുണ്ട ടിന്റ് പേപ്പര്‍ പാടുള്ളു. വാഹനത്തില്‍ അനുവദനീയമായതിലുമധികം യാത്രക്കാരെ കയറ്റി സഞ്ചരിക്കരുത്.
ഡോറിലെ വിന്റോവിലൂടെ തല പുറത്തേക്കിട്ടു വാഹനത്തിലിരിക്കരുത്. റോഡ് ഗതാഗതം തടസപ്പെടുത്തും വിധമുള്ള സഞ്ചാരവും വാഹനം ആക്‌സിലേറ്റര്‍ ചവിട്ടിയും ഹോണ്‍ മുഴക്കിയും ശബ്ദമുണ്ടാക്കുന്നതും വാഹനത്തിന്റെ നിറം മാറ്റി നിരത്തിലിറങ്ങുന്നതും നിയമലംഘനമാണ്. ശബ്ദ മലിനീകരണം ഉള്‍പ്പെടെ ഏതു തരത്തിലുള്ള മലിനീകരണവും അനുവദിക്കില്ല. വാഹനത്തിനുള്ളില്‍ നിന്നു കാല്‍നടയാത്രക്കാരുടെയും സമീപത്തെ വാഹനങ്ങളിലേക്കും മറ്റും സ്‌പ്രേ പെയിന്റിങ്ങും ഷേവിങ് ക്രീമുമൊക്കെ സ്‌പ്രേ ചെയ്യുന്നതും പാടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി റോഡ് ഗതാഗത നിയമ ലംഘനം നടത്തുകയും നിയമ വിരുദ്ധമായ രീതിയില്‍ വാഹനങ്ങള്‍ അലങ്കരിച്ചു റോഡിലിറക്കുകയും ചെയ്യുന്നവര്‍ക്കെതിരെ 12 ബ്ലാക് പോയിന്റുകള്‍ രേഖപ്പെടുത്തും. 500 മുതല്‍ 20,000 ദിര്‍ഹം വരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest