Connect with us

Malappuram

അന്യസംസ്ഥാന തൊഴിലാളികളുടെ മേല്‍വിലാസം പോലുമില്ല

Published

|

Last Updated

വണ്ടൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ പെരുകിയിട്ടും പോലീസിന്റെ കയ്യില്‍ അവരുടെ മേല്‍വിലാസങ്ങള്‍ പോലുമില്ല. കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
വണ്ടൂര്‍, പാണ്ടിക്കാട്, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി ഇത്തരക്കാരുടെ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള കണക്കുകള്‍ കൂടുകയാണിപ്പോള്‍. കഴിഞ്ഞ നാലിനാണ് കിഴക്കേ പാണ്ടിക്കാട് അങ്ങാടിയില്‍ വ്യാപാരിയായിരുന്ന പേര്‍ക്കുത്ത് മുഹമ്മദിനെ കൊലപ്പെടുത്തി പണവുമായി മുങ്ങിയ സംഭവമാണ് പാണ്ടിക്കാട് പോലീസ് സ്‌റ്റേഷനില്‍ അവസാനായി റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ ബംഗാള്‍ സ്വദേശികളായ രണ്ടുപേരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.
വണ്ടൂര്‍- നിലമ്പൂര്‍ റോഡിലെ തൃശൂര്‍ ജ്വല്ലറി കുത്തിതുറന്ന് 85 പവന്‍ സ്വര്‍ണവും 80,000രൂപയും മോഷണം പോയ സംഭവത്തിന് പിന്നിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അസമില്‍ നിന്നുള്ള മൂന്നംഗ സംഘത്തെ പിടികൂടിയതാണ് വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത അവസാനത്തെ കേസ്. മാസങ്ങള്‍ക്ക് മുമ്പ് ഭാരതപ്പുഴയില്‍ നാല് അന്യസംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്നാണ് പട്ടാമ്പിയില്‍ നാട്ടുകാരനായ ഇബ്രാഹിം എന്ന യുവാവിനെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
അന്യസംസ്ഥാന തൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നിരവധി കേസുകളാണ് മഞ്ചേരി പോലീസ് സ്‌റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസം കുളിമുറിയില്‍ മൊബൈല്‍ ക്യമാറ വെച്ച കേസും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കേസുകള്‍ വ്യാപകമായതോടെ ജോലിയവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന പ്രവണതയും ആരംഭിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടുന്ന കേസുകളിലെ പ്രതികളെ പിടികൂടുകയെന്നത് പോലീസിനെ ഏറെ കുഴക്കുകയാണ്.
ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറി താമസിക്കുന്നതിനാല്‍ ഇവരെ കുറിച്ചുള്ള അന്വേഷണം പലപ്പോഴും വഴിമുട്ടാന്‍ കാരണമാകുകയാണെന്ന് മലപ്പുറം എസ് പി മഞ്ജുനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം പാണ്ടിക്കാട്ടെ വ്യാപാരിയുടെ കൊലപാതകം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കെട്ടിട നിര്‍മാണ മേഖലയിലാണ് കൂടുതല്‍ പേരും ജോലിക്കെത്തുന്നത്. ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും ജില്ലയിലെ പ്രാദേശിക കരാറുകാര്‍ ഇടനിലക്കാര്‍ മുഖേനയാണ് തൊഴിലാളികള്‍ക്ക് ജോലികള്‍ നല്‍കുന്നത്. എന്നാല്‍ ഇവരുടെ ജോലി അവസാനിക്കുന്നതോടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അന്യസംസ്ഥാന തൊഴിലാളികളും താമസം മാറിപോകും. ഇക്കാരണത്താല്‍ ഏതെങ്കിലും സംഭവവുമായി ബന്ധപ്പെട്ട പ്രതികളിലേക്കുള്ള അന്വേഷണം പലപ്പോഴും പാതിവഴിയില്‍ അവസാനിക്കാനും കാരണമാകും.
ബംഗാളികളെന്ന് ഭാവിച്ചെത്തുന്നവര്‍ ബംഗ്ലാദേശികളാണോയെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും അന്വേഷിക്കാനുള്ള സംവിധാനങ്ങളുമില്ല. ഇവരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും മേല്‍വിലാസവുമെല്ലാം പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും തൊഴിലുടമയുടെ പക്കല്‍പോലും ഇവയൊന്നുമുണ്ടാകാറില്ല.
കൂടാതെ ഇത്തരക്കാര്‍ സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജനാണോ എന്ന് പരിശോധിക്കുന്ന രീതിയും പതിവില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ നടത്തി രക്ഷപ്പെടാനുള്ള മാര്‍ഗമായി കേരളത്തെ ഉപയോഗപ്പെടുത്തുന്നവരും ഏറെയുണ്ട്. ബംഗാള്‍, അസം പോലീസ് സംഘങ്ങള്‍ കേരളത്തിലെത്തി അന്വേഷിക്കില്ലെന്നതും ഇവര്‍ക്ക് അനുകൂലമാകുകയാണ്. ഏത് സംസ്ഥാനക്കാരനാണെങ്കിലും അവരുടെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങി കൈവശം നിര്‍ബന്ധമായും സൂക്ഷിക്കാനുള്ള നടപടിയെടുക്കാനും ആലോചനയുണ്ട്. ഉപജീവനത്തിനായി തൊഴില്‍തേടിവരുന്ന അന്യനാട്ടുകാര്‍ക്ക് ക്രിമിനലുകളായ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി മാന്യമായി ജോലി ചെയ്ത് കുടുംബം പോറ്റുന്ന തൊഴിലാളികളും ദുരിതത്തിലായിട്ടുണ്ട്.