Connect with us

Eranakulam

നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്‍ണക്കടത്ത്; ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍

Published

|

Last Updated

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 229.64 ഗ്രാമിന്റെ സ്വര്‍ണ ചെയിന്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്നലെ വൈകീട്ട് 3. 30ന് ശ്രീലങ്കയില്‍ നിന്ന് എത്തിയ യു എല്‍ 167 നമ്പര്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരനായ കൊളംബോ സ്വദേശി മുഹമ്മദ് ഫാറൂഖില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കൊച്ചിയില്‍ എത്തിയ ഇയാള്‍ വിമാനമാര്‍ഗം ചെന്നൈയിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കവേ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചതിനെ തുടര്‍ന്ന് ഷര്‍ട്ടിന്റെ കോളറിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 80,000 രൂപയാണ് ഇതിന് നികുതിയായി ലഭിക്കേണ്ടിയിരുന്നത്.
ഇന്ത്യന്‍ നിയമം അനുസരിച്ച് പുരുഷന് 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് 1,00,000 രൂപയുടെയും സ്വര്‍ണം കൊണ്ടുവരാം. വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരാന്‍ നിയമമില്ല. ആറ് മാസത്തിലധികം വിദേശത്ത് താമസിച്ച ഇന്ത്യന്‍ പൗരന് മൂന്ന് ലക്ഷം രൂപ നികുതി അടച്ച് ഒരു കിലോ സ്വര്‍ണം വരെ കൊണ്ടുവരാം. രാജ്യത്ത് കസ്റ്റംസ് തീരുവ വര്‍ധിച്ചതു മൂലം മലയാളികളെയും ശ്രീലങ്കന്‍ യാത്രക്കാരെയും ഉപയോഗിച്ചാണ് പ്രധാനമായും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയിരുന്നത്.
മലയാളി യാത്രക്കാരെ പരിശോധന ശക്തമായതിനെ തുടര്‍ന്ന് പിടികൂടാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യയില്‍ എത്തുന്ന ശ്രീലങ്കന്‍ യാത്രക്കാര്‍ വഴി സ്വര്‍ണക്കള്ളകടത്ത് നടത്തുന്നതെന്നാണ് സൂചന. ഇതിനുമുമ്പ് പലപ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള മുഹമ്മദ് ഫാറൂഖ് സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍മാരില്‍ ഒരാളാണെന്ന് സംശയിക്കുന്നുണ്ട്.