Connect with us

Kannur

ജയിലുകളിലെ വനിതാ സെല്ലുകള്‍ അടച്ചുപൂട്ടുന്നു

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്ത് കുറ്റവാളികളെന്ന നിലയില്‍ ശിക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വന്‍ തോതില്‍ കുറയുന്നു. ഇതേത്തുടര്‍ന്ന് ഭൂരിഭാഗം ജയിലുകളിലെയും വനിതാ ലോക്കപ്പുകള്‍ അടച്ചുപൂട്ടി. തടവറയില്‍ കഴിയുന്ന പുരുഷന്മാരുടെ എണ്ണം 7000 കടന്നപ്പോള്‍ സ്ത്രീകളുടെ എണ്ണം 250ല്‍ താഴെയായി മാറി. ഇതോടെ കാസര്‍കോട്, ഹോസ്ദുര്‍ഗ്, തലശ്ശേരി, കണ്ണൂര്‍, തിരൂര്‍, മാനന്തവാടി, കോഴിക്കോട്, ചിറ്റൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സബ് ജയില്‍, സ്‌പെഷ്യല്‍ സബ് ജയിലുകളിലെ വനിതാ ലോക്കപ്പുകള്‍ പൂട്ടി.

തിരുവനന്തപുരം മേഖലയില്‍ പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍, പൂജപ്പുര എന്നിവിടങ്ങളിലും ഇതേ ജയിലുകളിലെ വനിതാ ലോക്കപ്പുകള്‍ അടച്ചിട്ടു. എറണാകുളം, ഇരിങ്ങാലക്കുട, ചാവക്കാട്, ആലുവ, പീരുമേട്, മൂവാറ്റുപുഴ, വിയ്യൂര്‍ എന്നിവിടങ്ങളിലും സബ് ജയില്‍, സ്‌പെഷ്യല്‍ സബ്ജയില്‍ എന്നിവിടങ്ങളിലെ വനിതാ ലോക്കപ്പുകള്‍ക്കും താഴുവീണു.
ജയില്‍ വകുപ്പിന്റെ കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം മേഖലാ കേന്ദ്രങ്ങളിലെ വനിതാ ജയിലുകളില്‍ മാത്രമാണ് ഇപ്പോള്‍ പ്രധാനമായും സ്ത്രീ അന്തേവാസികളുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, വൈത്തിരി സബ് ജയില്‍, കോഴിക്കോട് ജില്ലാ ജയില്‍, പാലക്കാട് സ്‌പെഷ്യല്‍ സബ ്ജയില്‍ എന്നിവിടങ്ങളിലായി ആകെയുള്ളത് എഴുപതോളം വനിതകളാണ്.
തൃശൂര്‍ മേഖലയില്‍പ്പെട്ട കാക്കനാട് ബോസ്റ്റല്‍ സ്‌കൂള്‍, തൃശൂര്‍ വനിതാ ജയില്‍ എന്നിവിടങ്ങളില്‍ 68 തടവുകാരികളുണ്ട്. തിരുവനന്തപുരം വനിതാ ജയിലില്‍ നൂറോളം തടവുകാരികളുണ്ട്. റിമാന്‍ഡ് തടവുകാരികള്‍ വന്നുപോകുന്നതിനാല്‍ അന്തേവാസികളുടെ എണ്ണം കൃത്യമായി കണക്കാക്കാനാകില്ല. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഒട്ടും കുറയാത്ത സാഹചര്യത്തിലാണ് വനിതകള്‍ കുറ്റവാളിക്കൂട്ടില്‍ നിന്ന് പിന്തിരിയപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.
സ്ത്രീകളുടെ കുറ്റങ്ങള്‍ ഭൂരിഭാഗവും സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണ്. വ്യഭിചാരം, ചാരായവില്‍പ്പന തുടങ്ങിയവ ഉദാഹരണം.
മദ്യപിച്ച് കുടുംബസമാധാനം നശിപ്പിക്കുന്ന ഭര്‍ത്താവിനെ കൊന്നതും മക്കളെക്കൊന്ന് മരിക്കാന്‍ ശ്രമിച്ചതുമായ കേസുകളുമുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വലയൊരുക്കി സ്ത്രീകളെ ദ്രോഹിച്ച് മലയാളി പുരുഷന്മാര്‍ തടവറയില്‍ അകപ്പെടുമ്പോഴും കൊടുംകുറ്റങ്ങളുടെ പട്ടികയില്‍ സ്ത്രീകള്‍ ഇടംനേടിയിട്ടില്ല. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുറ്റങ്ങളില്‍ പ്രകട വ്യത്യാസങ്ങളുള്ളതായി ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്ത് സ്ത്രീകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതായി രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് ക്രിമിനോളജിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അസം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളാണ് സ്ത്രീ കുറ്റവാളികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത്.
വിദ്യാസമ്പന്നരായ സ്ത്രീകള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതേസമയം, അതിനിന്ദ്യമായ കുറ്റങ്ങളാണ് പുരുഷന്മാരില്‍ പലരുടെതും. പിഞ്ചുകുഞ്ഞുങ്ങളെയും വയോവൃദ്ധകളെയും മാനഭംഗപ്പെടുത്തുക, പണത്തിന് നീചമായ വഞ്ചന ചെയ്യുക, അരും കൊലകള്‍, കവര്‍ച്ച എന്നിങ്ങനെ ചെയ്തികള്‍ നീളുന്നു. സൈബര്‍ സാങ്കേതിക വിദ്യ വളര്‍ന്നതോടെ അത്തരം കുറ്റങ്ങളും വര്‍ധിച്ചു.
2002ല്‍ 499 ബലാത്സംഗക്കേസുകളാണ് കേരളത്തിലുണ്ടായതെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2012ല്‍ ഇത് 347ആണ്. 102 ലൈംഗിക പീഡനക്കേസുകളുടെ സ്ഥാനത്ത് പത്ത് വര്‍ഷത്തിനു ശേഷം 155 ആയി ഉയര്‍ന്നു. നാഷനല്‍ െ്രെകം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യനിരക്ക് 61.21 ആണ്.
ഒരു ലക്ഷം സ്ത്രീ ജനസംഖ്യയില്‍ എത്ര സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ നടക്കുന്നു എന്നുള്ളതാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റുകൃത്യ നിരക്ക് സൂചിപ്പിക്കുന്നത്. ദേശീയതലത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യനിരക്ക് 41.74 ആണ്. കേരളത്തിലെ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഒരു കോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്ടിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റുകൃത്യനിരക്ക് കുറവ്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest