Connect with us

Articles

വിശന്നുപൊരിയുന്ന ആ നാലാമന്‍ ഈ രാജ്യക്കാരനാണ്‌

Published

|

Last Updated

ഭൂഖണ്ഡങ്ങളിലേക്ക് പടരുന്ന ഭക്ഷ്യക്ഷാമത്തിന്റെയും പട്ടിണിയുടെയും സ്ഥിതിഗതികളെ വിശകലനം ചെയ്തുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ് എ ഒ)ന്റെ മേധാവി സമ്മതിച്ചത് നവഉദാരവത്കരണം ലോകത്തെ പട്ടിണിയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നാണ്. ലോക ഭക്ഷ്യ സംഘടന തയ്യാറാക്കിയ പട്ടിണി സൂചികയിലെ വിവരങ്ങള്‍ ഇന്ത്യ കടുത്ത പട്ടിണിയിലേക്കാണ് എത്തിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നു. സാമ്രാജ്യത്വ ഫൈനാന്‍സ് മൂലധനത്തിനും അവയുടെ ഇന്ത്യന്‍ കൂട്ടാളികള്‍ക്കും തടിച്ചുകൊഴുക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണ് കഴിഞ്ഞ രണ്ട് ദശകക്കാലമായി കോണ്‍ഗ്രസും ബി ജെ പിയും നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാറുകള്‍. നവ ലിബറല്‍ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ മഹാഭൂരിപക്ഷത്തെയും ഭക്ഷണം പ്രാപ്യമല്ലാത്ത ദാരുണ സ്ഥിതിയിലാണെത്തിച്ചിരിക്കുന്നത്.
പട്ടിണിയും പോഷകാഹാരക്കുറവും ശിശുമരണവും ഭീകരമാംവിധം വര്‍ധിതമായിരിക്കുന്നു. പ്രത്യുത്പാദന പ്രായത്തിലുള്ള 84 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണ്. കാലനന്തിയിലും കാശിപൂരിലും വയനാട്ടിലും പട്ടിണി മരണം വിതക്കുന്നു. ലോകത്തെ അതിരൂക്ഷമായ വിശപ്പ് അനുഭവിക്കുന്ന നാലിലൊരാള്‍ ഇന്ത്യക്കാരനാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 120 രാജ്യങ്ങളിലെ വിവരണങ്ങളനുസരിച്ച് 87 കോടി ജനങ്ങള്‍ കൊടും പട്ടിണിയിലാണ്. അവരില്‍ 21 കോടി പേര്‍ ഇന്ത്യക്കാരാണ്. ഭക്ഷ്യസുരക്ഷയെ കുറിച്ചും ദാരിദ്ര്യ നിര്‍മാര്‍ജനത്തെക്കുറിച്ചും വാചകമടിക്കുന്ന സര്‍ക്കാറിന് ദാരിദ്ര്യവും പോഷകാഹാര കുറവും നിയന്ത്രിക്കുന്നതിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. യു എന്‍ പട്ടിണി സൂചികയനുസരിച്ച് അതി ദരിദ്ര രാജ്യങ്ങളായ ഹെയ്ത്തി, കിഴക്കന്‍ തിമോര്‍ എന്നീ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ നമ്മുടെ അയല്‍ രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മുമ്പിലാണ്. കാര്യമായ വിഭവങ്ങളില്ലാത്ത മംഗോളിയ പോലും ഇന്ത്യയേക്കാള്‍ മുന്നിലാണ്.
ഐക്യരാഷ്ട്ര സഭ ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത് ഭക്ഷ്യലഭ്യത, പോഷകാഹാരം ലഭിക്കാതെ മരിച്ച അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയാണ്. പട്ടിണി സൂചികയുടെ മാനദണ്ഡമനുസരിച്ച് 4.9 പോയിന്റില്‍ താഴെയുള്ള രാജ്യങ്ങളില്‍ പോഷകാഹാരക്കുറവ് ഇല്ല. അഞ്ച് പോയിന്റിനും 9. 9 പോയിന്റിനുമിടയില്‍ വരുന്ന രാജ്യങ്ങളിലെ സ്ഥിതി ഗുരുതരമാണ്. 20നും 29.9നുമിടയില്‍ വരുന്ന രാജ്യങ്ങളിലെ സ്ഥിതി ഭയാനകമാണ്. 30 പോയന്റിന് മുകളില്‍ വരുന്ന രാജ്യങ്ങളുടെ അവസ്ഥ അതീവ ഭയാനകമാണ്.
ഇന്ത്യ ഭയാനകമായ രാജ്യങ്ങളുടെ പട്ടികയിലാണ്. 21.3 പോയിന്റാണ് ഇന്ത്യയുടെ സ്ഥിതി. പാക്കിസ്ഥാന്‍ 19. 3 പോയിന്റാണ്. അതായത് ഗുരുതരമായ സ്ഥിതിയിലാണ്. ദാരിദ്ര്യം കുറക്കുന്ന കാര്യത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെക്കാള്‍ മുന്നിലാണ്. പട്ടിണിക്കാരുടെയും അഭയാര്‍ഥികളുടെയും നാടാണ് ബംഗ്ലാദേശ്. അവരുടെ പോയിന്റ് 19. 3ആണ്. ശ്രീലങ്കയും നേപ്പാളും യഥാക്രമം 17.30ഉം 15.6ഉം പോയിന്റാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ചൈന, ക്യൂബ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ദാരിദ്ര്യം കുറക്കുന്നതില്‍ വളരെയേറെ മുമ്പിലാണെന്നതാണ്. ചൈനയുടെ പോയിന്റ് 5.5 ആണ്. മെച്ചപ്പെട്ട സ്ഥിതിയിലുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ചൈന വരുന്നത്. വിയറ്റ്‌നാമിന്റെത് 7. 7 പോയിന്റാണ്. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഫലമാണ് ഈ മെച്ചപ്പെട്ട സ്ഥിതി.
ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അംഗോള, ഘാന, കോംബോഡിയ, ബംഗ്ലാദേശ്, എത്യോപ്യ, മലാവി, നൈജര്‍, റുവാണ്ട, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ രണ്ട് ദശകം കൊണ്ട് പോഷകാഹാരക്കുറവും ദാരിദ്ര്യവും നിയന്ത്രിക്കുന്നതില്‍ ഗണ്യമായ പുരോഗതി നേടി. 55 ശതമാനത്തിലധികം പുരോഗതി. ചൈനയുടെ പുരോഗതി വിസ്മയാവഹമാണ്. 57. 69 ശതമാനം വളര്‍ച്ചാ നിരക്കാണ് ചൈന കൈവരിച്ചത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 34 ശതമാനം മാത്രമാണ്. പഠനവിധേയമാക്കിയ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ 12ലെയും സ്ഥിതി പരമദയനീയമാണ് എന്ന് വ്യക്തമായി. ഗുജറാത്ത്, മധ്യപ്രദേശ്,, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയവുടെ സ്ഥിതി അതീവ ദയനീയമാണ്. ഗുജറാത്തിന്റെ അവസ്ഥ വളരെ ശോചനീയം. നരേന്ദ്ര മോഡിക്ക് വികസന നായകനെന്ന പ്രതിച്ഛായ ചാര്‍ത്തിക്കൊടുക്കുന്ന മാധ്യമങ്ങള്‍ ഈ വസ്തുതകള്‍ എല്ലാം അവഗണിക്കുന്നു. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിന്റെ സ്ഥിതിയും ദയനീയം തന്നെ.
അഞ്ച് വയസ്സിന് താഴെ ഭാരക്കുറവുള്ള കുട്ടികളില്‍ 40 ശതമാനവും ഇന്ത്യയിലാണ്. മധ്യപ്രദേശില്‍ 60 ശതമാനം കുട്ടികളും ഭാരക്കുറവുള്ളവരാണ്. രാജ്യത്തെ സ്വകാര്യവത്കരിച്ച് ദരിദ്രവത്കരിക്കുന്ന നയങ്ങളാണ് കോണ്‍ഗ്രസും ബി ജെ പിയും തുടരുന്നത്. ആഗോളപട്ടിണി സൂചിക പുറത്തുവന്ന ദിവസം തന്നെയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഈ വര്‍ഷത്തെ വരുമാനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞെന്ന വാര്‍ത്തയും വന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് പ്രതിവര്‍ഷം ബജറ്റ് വഴി മാത്രം അഞ്ച് ലക്ഷം കോടി രൂപയിലധികം ഇളവാണ് യു പി എ സര്‍ക്കാര്‍ നല്‍കിയത്.
പാവങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള എല്ലാ സാധനങ്ങള്‍ക്കും വില കൂട്ടുകയും ഭക്ഷ്യം, വളം, പാചക വാതകം തുടങ്ങിയ എല്ലാ സബ്‌സിഡികളും സര്‍ക്കാര്‍ സഹായങ്ങളും കുറക്കുകയും ചെയ്യുന്ന നയങ്ങളാണ് രാജ്യത്തെ ദരിദ്രവത്കരിക്കുന്നത്.

ktkozhikode@gmail.com

Latest