Connect with us

National

ന്യൂനപക്ഷ ക്ഷേമം: തുല്യ അവസര കമ്മീഷന്‍ രൂപവത്കരിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂനപക്ഷ ക്ഷേമത്തിനായി തുല്യ അവസര കമ്മീഷനെ (ഈക്വല്‍ ഓപ്പര്‍ച്യൂനിറ്റി കമ്മീഷന്‍- ഇ ഒ സി) നിയമിക്കുന്നതിന് ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. മതവിശ്വാസത്തിന്റെ പേരില്‍ ജോലിയോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസരമോ നിഷേധിക്കുകയാണെന്ന് പരാതിയുണ്ടെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കമ്മീഷനെ സമീപിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ കൊണ്ടുവരാനാണ് നീക്കം. സ്വകാര്യ മേഖലയിലെ കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ന്യൂനപക്ഷ മന്ത്രാലയം മുന്നോട്ടുവെച്ച ബില്ലിന് നിയമ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ 2009ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബില്‍ അവതരിപ്പിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന എസ് സി, എസ് ടി, ഒ ബി സി കമ്മീഷനുകളെ തുല്യ അവസര കമ്മീഷന്‍ ബാധിക്കുമെന്ന് നിയമ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംശയങ്ങള്‍ ദൂരീകരിക്കാനായി ന്യൂനപക്ഷ മന്ത്രി റഹ്മാന്‍ ഖാന്‍ നിയമ മന്ത്രി കപില്‍ സിബലിന് ഒക്‌ടോബര്‍ മുപ്പതിന് കത്തയച്ചിരുന്നു. പ്രധാനമന്ത്രി നിശ്ചയിക്കുന്ന മന്ത്രിതല സമിതിയുടെ നിര്‍ദേശ പ്രകാരം മാത്രമേ സമിതി രൂപവത്കരിക്കാവൂവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് നിയമ മന്ത്രാലയം ബില്ലുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയത്. സ്ഥാപനങ്ങളില്‍ വിവേചനം കാണിക്കുന്നുവെന്ന പരാതി ലഭിക്കുകയാണെങ്കില്‍ അന്വേഷണം നടത്താനും കമ്പനികളുടെ വിവേചനപരമായ നയങ്ങളില്‍ ഭേദഗതി വരുത്താനും കമ്മീഷന് അധികാരം ഉണ്ടെന്ന് കരട് ബില്ലില്‍ പറയുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താനും കമ്മീഷന് അധികാരമുണ്ടാകും.