Connect with us

Kasargod

പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് നടത്തി

Published

|

Last Updated

കാസര്‍കോട്: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ കാസര്‍കോട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജി.ശിവരാമന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ അംഗങ്ങളായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ജോണ്‍ ബ്രിട്ടോ എന്നവരും പങ്കെടുത്തു.
ഹനഫി, തീയ്യ കാവുതീയ, പത്മശാലിയ, കമ്മാറ, കുലാല വിഭാഗങ്ങളെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വ്യക്തികളും സംഘടനകളും നല്‍കിയ നിവേദനങ്ങള്‍ കമ്മീഷന്‍ പരിഗണിച്ചു. കാസര്‍കോട് ജില്ലയില്‍ ഉര്‍ദു മാതൃഭാഷയായ ഹനഫി മുസ്‌ലീം സമുദായംഗങ്ങള്‍ക്ക് തെറ്റായ സര്‍വേ നടത്തിയതിനാല്‍ ഒ ബി സി ആനുകൂല്യം ലഭിക്കുന്നില്ലെന്ന മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ നിവേദനം കമ്മീഷന്‍ പരിഗണിച്ചു.
ഭാഷയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് സമുദായ സംവരണം നിഷേധിക്കരുതെന്ന് തെളിവെടുപ്പില്‍ പങ്കെടുത്ത ഹനഫി സമുദായ പ്രതിനിധികള്‍ പറഞ്ഞു. ഭാഷാന്യൂനപക്ഷ ക്ഷേമ കമ്മീഷന്‍ രൂപവത്കരിക്കണമെന്നാവശ്യവും ഉന്നയിച്ചു. തീയ്യ, കാവുതീയ്യ വിഭാഗത്തെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തി സംവരണാനുകൂല്യം അനുവദിക്കണമന്ന് തീയ്യ, കാവുതീയ്യ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പത്മശാലിയ, കമ്മാറ, കുലാല, കുമാരക്ഷത്രിയ എന്നീ സമുദായ പ്രതിനിധികളും സിറ്റിങ്ങില്‍ പങ്കെടുത്തു. കിര്‍ത്താര്‍ഡ്‌സില്‍നിന്ന് പഠന റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കുമാര ക്ഷത്രിയാ വിഭാഗത്തെക്കുറിച്ചുള്ള വിഷയം പരിഗണിക്കുന്നത് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
കലക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ എ ഡി എം. എച്ച് ദിനേശന്‍ സ്വാഗതം പറഞ്ഞു. കമ്മീഷന്‍ അഡീഷണല്‍ റജിസ്റ്റാര്‍ ടി കെ അജിതകുമാരി, ഫിനാന്‍സ് ഓഫിസര്‍ ശ്രീജ സംബന്ധിച്ചു. തഹസില്‍ദാര്‍മാരായ കെ ശിവകുമാര്‍(കാസര്‍കോട്), വൈ എം സി സുകുമാരന്‍(ഹൊസ്ദുര്‍ഗ്ഗ്) എന്നിവരില്‍നിന്നും തെളിവെടുത്തു.

 

Latest