Connect with us

Malappuram

പുതിയ വീട്ടില്‍ താമസിച്ച് കൊതിതീരും മുമ്പെ അവര്‍ ഇന്ന് മണ്‍ വീട്ടിലേക്ക് യാത്രയാകും

Published

|

Last Updated

വണ്ടൂര്‍: പുതിയ വീട്ടില്‍ താമസിച്ച് കൊതിതീരും മുമ്പെ അവര്‍ ഇന്ന് മണ്‍വീട്ടിലേക്ക് യാത്രയാകും. വണ്ടൂര്‍ നടുവത്ത് വാഹനാപകടത്തില്‍ മരണപ്പെട്ട മാതാവിന്റെയും മകന്റെയും ഖബറടക്കം ഇന്ന് പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പത്ത് ദിവസം മുമ്പാണ് ഇല്യാസ് തന്റെ പുതിയ വീട്ടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്ന് മാറി താമസിച്ചത്.
സഹോദരന് ഉടനെ വിദേശത്തേക്ക് തിരിച്ചുപോകേണ്ടതിനാല്‍ ഇല്യാസ് തന്റെ വീടിന്റെ പണി ഉടനെ പൂര്‍ത്തിയാക്കി താമസം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വയനാട് ചേനമ്പാടിയിലെ ബന്ധുവിന്റെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം യാത്രപോയത്. മാതാവും ഭാര്യയും മക്കളും സഹോദരന്റെ ഭാര്യയും മക്കളുമെല്ലാം ഒരുമിച്ച് ക്വാളിസ് വാഹനത്തിലായിരുന്നു യാത്ര. വിവാഹ സല്‍ക്കാരം കഴിഞ്ഞ രാത്രി തിരിച്ച് വരുന്നതിനിടെ നടുവത്ത് അങ്ങാടിയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. ഇല്യാസ് ഞായറാഴ്ച രാത്രിയും മാതാവ് ഖദീജ ഇന്നലെ പുലര്‍ച്ചെയുമാണ് മരണപ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. എട്ട് വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇല്യാസ് റിയല്‍ എസ്റ്റേറ്റ് ജോലികളുമായി കഴിയുകയായിരുന്നു. സൗദി അറേബ്യയിലുള്ള ഏക സഹോദരന്‍ ഷൗക്കത്തലിയുടെ വരവിന് വേണ്ടിയാണ് കബറടക്കം ഇന്നത്തേക്ക് മാറ്റിയത്. ഹര്‍ത്താലായിട്ടും ഇന്നലെ നൂറുകണക്കിനാളുകളാണ് ഇന്നലെ മരണ വീട്ടിലെത്തിയത്.

Latest