Connect with us

Sports

നൈജീരിയയും ഐവറി കോസ്റ്റും ലോകകപ്പിന്‌

Published

|

Last Updated

കലാബര്‍: ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ നൈജീരിയയും കരുത്തരായ ഐവറി കോസ്റ്റും 2014ലെ ബ്രസീല്‍ ലോകകപ്പിലേക്ക് സ്ഥാനമുറപ്പിച്ചു.
എത്യോപ്യയെ 2-0ത്തിന് കീഴടക്കിയാണ് നൈജീരിയ ബ്രസീലിലേക്ക് ടിക്കറ്റ് ഉറപ്പാക്കിയത്. ഇരു പാദങ്ങളിലുമായി ആഫ്രിക്കന്‍ സൂപ്പര്‍ കഴുകന്‍മാര്‍ 4-1ന്റെ വിജയമാണ് നേടിയത്. നേരത്തെ ആദ്യ പാദ പോരാട്ടത്തില്‍ 2-1ന് നൈജീരിയ വിജയിച്ചിരുന്നു. ശനിയാഴ്ച്ച സ്വന്തം നാട്ടില്‍ നടന്ന മത്സരം വിജയത്തോടെ അവസാനിപ്പിച്ച നൈജീരിയ ആഫ്രിക്കയില്‍ നിന്ന് യോഗ്യത ഉറപ്പാക്കിയ ആദ്യ ടീമായി ഇതോടെ മാറി. ചെല്‍സി താരം വിക്ടര്‍ മോസസ് നേടിയ പെനാല്‍റ്റി ഗോളും ഫ്രീകിക്കിലൂടെ വിക്ടര്‍ ഒബിന്ന നേടിയ ഗോളുമാണ് നൈജീരിയയുടെ വിജയം ഉറപ്പാക്കിയത്.
ഇത് അഞ്ചാം തവണയാണ് നൈജീരിയ ലോകകപ്പിനെത്തുന്നത്. അവസാനം നടന്ന അഞ്ച് ലോകകപ്പുകളില്‍ നാലിലും സൂപ്പര്‍ കഴുകന്‍മാരുടെ സാന്നിധ്യമുണ്ടായിരുന്നു.
കളിയുടെ 20ാം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് എത്യോപ്യന്‍ പ്രതിരോധ താരം അയ്‌നലെം ഹൈലുവിന്റെ കൈയില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത മോസസിന് പിഴച്ചില്ല. രണ്ടാം ഗോള്‍ നേടിയ ഒബിന പകരക്കാരനായി ഇറങ്ങിയാണ് വല ചലിപ്പിച്ചത്. കളിയുടെ 82ാം മിനുട്ടിലാണ് രണ്ടാം ഗോളിന്റെ പിറവി. നൈജീരിയക്ക് മികച്ച വിജയം സ്വന്തമാക്കാമായിരുന്ന മത്സരമായിരുന്നു. നിരവധി ഗോളവസരങ്ങള്‍ അവര്‍ തുലച്ചുകളഞ്ഞു.
നൈജീരിയക്ക് പിന്നാലെ ലോകകപ്പിന് ടിക്കറ്റ് ഉറപ്പാക്കി ഐവറി കോസ്റ്റും മികവ് കാട്ടി. രണ്ടാം പാദ പോരാട്ടത്തില്‍ സെനഗലിനോട് 1-1ന് സമനില പിടിച്ചാണ് ആനകള്‍ ലോകകപ്പ് ബര്‍ത്ത് ഉറപ്പാക്കിയത്. ആദ്യ പാദ പോരാട്ടത്തില്‍ ഐവറികള്‍ 3-1ന്റെ വിജയം നേടിയതാണ് രണ്ടാം പാദം സമനിലയില്‍ അവസാനിച്ചിട്ടും അവര്‍ക്ക് യോഗ്യത ഉറപ്പാക്കാന്‍ സാധിച്ചത്. കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായി കടന്നുപോയപ്പോള്‍ രണ്ടാം പകുതിയുടെ 77ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് സെനഗലാണ് ലീഡെടുത്തത്. മൗസ സോയാണ് ഗോളിന് അവകാശിയായത്. കളിയുടെ അവസാന സെക്കന്റ് വരെ ഗോള്‍ നേടാന്‍ കഴിയാതെ ആനകള്‍ തോല്‍വി മുന്നില്‍ കണ്ട് ഉഴറി. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ സലോമന്‍ കാലു 90 മിനുട്ട് കഴിഞ്ഞ് അധികമായി ലഭിച്ച നാല് മിനുട്ടിനിടയില്‍ ഗോള്‍ നേടി ഐവറികള്‍ക്ക് സമനിലയും അതുവഴി യോഗ്യതയും ഉറപ്പാക്കുകയായിരുന്നു.

യൂറോപ്യന്‍ യോഗ്യതാ റൗണ്ട് പോരാട്ടങ്ങളുടെ രണ്ടാംഘട്ട മത്സരത്തില്‍ ഗ്രീസ് വിജയിച്ചപ്പോള്‍ ക്രൊയേഷ്യയെ ഐസ് ലാന്‍ഡ് സമനിലയില്‍ തളച്ചു. ഗ്രീസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റുമാനിയയെ പരാജയപ്പെടുത്തി. ക്രൊയേഷ്യ- ഐസ് ലാന്‍ഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

---- facebook comment plugin here -----

Latest