Connect with us

Kerala

സംസ്ഥാനത്തെ ആദ്യ മോട്ടോര്‍ വിമാന പരിശീലന കേന്ദ്രം പത്തനാപുരത്ത്

Published

|

Last Updated

കൊല്ലം: സംസ്ഥാനത്ത് ആദ്യത്തെ മോട്ടോര്‍ വിമാന പരിശീലന കേന്ദ്രം കൊല്ലം ജില്ലയിലെ പത്തനാപുരത്ത് സ്ഥാപിക്കുന്നു. എയര്‍സ്ട്രിപ്പ് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരിശീലന കേന്ദ്രം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ഉടന്‍ നടത്താനാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. പത്തനാപുരം തൊണ്ടിയാമണ്‍ എന്ന സ്ഥലമാണ് എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ അധികൃതര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അനുമതി വാങ്ങി ഉടന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ശ്രമം. മോട്ടോര്‍ വിമാന പരിശീലനകേന്ദ്രം തുടങ്ങുന്നതോടൊപ്പം ഏവിയേഷന്‍ ക്ലബ്ബ്, 20 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ചെറുവിമാനത്തിന് ഇറങ്ങാന്‍ റണ്‍വേ എന്നിവയും ആദ്യഘട്ടത്തില്‍ നിര്‍മിക്കും. സീപ്ലെയിനിന്റെ തകരാര്‍ പരിഹരിക്കുന്നതിനും സൗകര്യമൊരുക്കും.
സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഹെലിപ്പാട് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് എയര്‍സ്ട്രിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നുളള എയര്‍പോര്‍ട്ട് നിര്‍മാണ കമ്പനി അധികൃതരുടെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞദിവസം തൊണ്ടിയാമണ്ണിലെ നിര്‍ദിഷ്ട പദ്ധതി പ്രദേശം പരിശോധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോര്‍ എവിയേഷന്‍ ടെക്‌നോളജിക്കാണ്. സ്ഥലപരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാറിന് കീഴിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിക്കായി നല്‍കും. എന്‍ സി സി വിദ്യാര്‍ഥികള്‍ക്ക് മൈക്രോലൈറ്റ് വിമാനം പറത്തി പരിശീലിക്കുന്നതിനുളള എന്‍ സി സി എയര്‍വിംഗും ഇവിടെ പ്രവര്‍ത്തിക്കും.
1.2 കിലോ മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുളള റണ്‍വേയാണ് നിര്‍മിക്കുക. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കാനും മറ്റുമായി 50 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുകയെന്ന് അധികൃതര്‍ വെളിപ്പെടുത്തി. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സംസ്ഥാന ബജറ്റില്‍ എയര്‍ സ്ട്രിപ്പിനായി തുക വകയിരുത്തിയതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി മാത്രമാണ് ഇക്കാര്യത്തില്‍ ആവശ്യമുള്ളത്. സമീപത്ത് കുന്നുകളോ ഇലക്ട്രിക് ടവറുകളോ ഇല്ലാത്തതിനാല്‍ വിമാനം ഇറങ്ങാനും പറന്നുയരാനും യാതൊരു തടസവുമില്ലെന്നതാണ് ഈ പ്രദേശത്ത് പദ്ധതി നടപ്പിലാക്കാനുള്ള അനുകൂല ഘടകമായി അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
എയര്‍സ്ട്രിപ്പ് പദ്ധതി നടപ്പാക്കാന്‍ ആലോചന വന്നപ്പോള്‍തന്നെ തൊണ്ടിയാമണ്‍ പ്രദേശമാണ് ആദ്യം പരിഗണിച്ചത്. ഹെലിപ്പാടിന് പുറമെ സമീപത്തെ ഭൂമി കൂടി എറ്റെടുത്താകും എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുക. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അഡ്വഞ്ചര്‍ ടൂറിസമാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടുക്കി, ഗവി, തെന്മല, അച്ചന്‍കോവില്‍, പാലരുവി, കുറ്റാലം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ശബരിമലയുടെയും മധ്യസ്ഥാനമെന്നതും എയര്‍ സ്ട്രിപ്പിനായി ഇവിടം തിരഞ്ഞെടുക്കുന്നതിന് കാരണമായി.
സ്ഥലപരിശോധനക്ക് രാജീവ് ഗാന്ധി ഏവിയേഷന്‍ സെക്രട്ടറി ജലീം നിസ, എയര്‍പോര്‍ട്ട് പ്രോജക്ട് എന്‍ജിനീയര്‍ ഷിബി കുമാര്‍, ഫ്‌ളൈറ്റ് ചീഫ് എന്‍ജിനീയര്‍ രതീഷ്ബാബു, ക്യാപ്റ്റന്‍മാരായ രാജേഷ് ഡാനിയേല്‍, സജി ഗോപിനാഥ്, രാജീവ്, വനം വകുപ്പ് റേഞ്ച് ഓഫീസര്‍ ഹരികൃഷ്ണന്‍, സുരേഷ്‌കുമാര്‍, ഉസ്മാന്‍, പി എ ഷാജഹാന്‍, സക്കീര്‍, യൂസഫ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Latest