Connect with us

Gulf

വ്യോമ പ്രദര്‍ശനത്തിന് ഇന്ന് തുടക്കം

Published

|

Last Updated

ദുബൈ: ദുബൈ വ്യോമ പ്രദര്‍ശനത്തിന് ഇന്ന് തുടക്കം. ജബല്‍ അലി വേള്‍ഡ് സെന്‍ട്രലിലെ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ വ്യോമ പ്രദര്‍ശനം. കഴിഞ്ഞ വര്‍ഷം വരെ ദുബൈ എയര്‍പോര്‍ട്ട് എക്‌സ്‌പോയിലായിരുന്നു.
വ്യോമ മേഖലയിലെ പുതിയ സംരംഭങ്ങളും പ്രവണതകളും പ്രദര്‍ശിപ്പിക്കുന്ന പവലിയനുകളും വിമാനാഭ്യാസങ്ങളും ശ്രദ്ധേയമാകും. നാളെ മുതല്‍ 21 വരെയാണ് അഭ്യാസങ്ങള്‍. വിമാനാഭ്യാസങ്ങള്‍ കാണാന്‍ പ്രത്യേക സ്റ്റാന്‍ഡ് ഒരുക്കിയിട്ടുണ്ട്. യു എ ഇയുടെ അല്‍ഫുര്‍സാനും യു കെയിലെ റെഡ് ആരോസും ആകാശത്ത് വിസ്മയക്കാഴ്ചകള്‍ തീര്‍ക്കും. ആദ്യ ദിവസം ഭരണാധികാരികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കമ്പനി പ്രതിനിധികള്‍ക്കുമാണ് പ്രദര്‍ശനം. ആയിരത്തോളം പ്രദര്‍ശകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ 226 യു എ ഇ കമ്പനികളാണ്. പ്രദര്‍ശകരുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനവുണ്ട്. ദുബൈ വേള്‍ഡ് സെന്‍ട്രലിലെ 6.45 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കും. എയര്‍പോര്‍ട്ട് എക്‌സ്‌പോയെക്കാള്‍ ഇരട്ടി വലുപ്പമാണിത്. അതിവേഗ വിമാനങ്ങളുടെ ആഭ്യാസങ്ങള്‍ ഇത്തവണയും ഉണ്ടാകും. ലോക പ്രശസ്ത റെഡ് ആരോസ്, യു എ ഇയിലെ അല്‍ ഫര്‍സാന്‍ എന്നിവ അഭ്യാസം നടത്തും. ഉച്ച കഴിഞ്ഞ രണ്ട് മുതലാണ് അഭ്യാസങ്ങള്‍.
ബോയിംഗ് എഫ് എ സൂപ്പര്‍ ഹോര്‍നെറ്റ്, യൂറോഫൈറ്റര്‍ ടൈഫൂണ്‍, എ 400 എം എയര്‍ബസ് എന്നിവയും പ്രദര്‍ശനത്തിനുണ്ടാകും. 60,000 വാണിജ്യ പ്രതിനിധികളെ പ്രതീക്ഷിക്കുന്നു. മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും 12 വയസുവരെയുള്ളവര്‍ക്ക് 30 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്.

---- facebook comment plugin here -----

Latest