Connect with us

Kasargod

മണല്‍വാരല്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ക്ക് നിവേദനം

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ തുറമുഖ വകുപ്പിന്റെ കീഴിലുള്ള അഴിമുഖത്തുനിന്ന് മണല്‍ നീക്കം ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സി ഐ ടിയു) ജില്ലാകമ്മിറ്റി കലക്ടര്‍ക്ക് നിവേദനം നല്‍കി.
ജില്ലയില്‍ 11 കടവിലായി ആയിരത്തഞ്ഞൂറിലധികം തൊഴിലാളികള്‍ മണല്‍വാരി ഉപജീവനം നടത്തുന്നു. പോര്‍ട്ട് അധികൃതര്‍ ഈ രംഗത്ത് പുതിയ നിബന്ധനകള്‍ കൊണ്ടുവരുന്നു. സര്‍ക്കാരിലേക്ക് അടക്കാനുള്ള മണലിന്റെ വിഹിതവും അടിക്കടി വര്‍ധിപ്പിക്കുന്നു. ഒരു ടണ്‍ എടുത്താല്‍ 530 രൂപ കിട്ടുമായിരുന്നു. എന്നാല്‍ ലേല വ്യവസ്ഥയനുസരിച്ച് ഒരു ടണ്‍ മണലിന് 360 രൂപ മാത്രമേ ലഭിക്കുകയുള്ളു.
നിലവില്‍ ലഭിക്കുന്ന കൂലിയുടെ 40 ശതമാനത്തിലധികം കുറഞ്ഞു. ടെന്‍ഡറുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ പ്രാതിനിധ്യം തീരെ അവകാശപ്പെടാന്‍ കഴിയാത്ത മഞ്ചേശ്വരത്തെ ഒരു സംഘം കുറഞ്ഞ വില്‍പനസംഖ്യ ക്വാട്ട് ചെയ്ത കൊടുത്തതിന്റെ ദുരന്തമാണ് തൊഴിലാളികള്‍ അനുഭവിക്കുന്നത്. മൂന്നുമാസമായി മണല്‍ വാരല്‍ തൊഴിലാളികള്‍ തൊഴിലില്ലാതെ പട്ടിണിയിലാണ്. ഈ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കൂലി നിലനിര്‍ത്തി നിര്‍ത്തിവച്ച തൊഴില്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, യൂണിയന്‍ ജില്ലാസെക്രട്ടറി ടി നാരായണന്‍, ട്രഷറര്‍ ഐ കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് കലക്ടര്‍ക്ക് നിവേദനം നല്‍കിയത്.

Latest