മാലദ്വീപില്‍ അബ്ദുല്ല യമീനിന് അട്ടിമറി വിജയം

Posted on: November 17, 2013 2:27 am | Last updated: November 17, 2013 at 2:27 am

yaminമാലെ: മാലദ്വീപിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ ഭരണാധികാരി അബ്ദുല്‍ ഖയൂമിന്റെ അര്‍ധ സഹോദരനും പ്രോഗ്രസ്സീവ് പാര്‍ട്ടി ഓഫ് മാലിദ്വീപിന്റെ നേതാവുമായ അബ്ദുല്ല യമീന്‍ വിജയിച്ചു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം നേടിയാണ് പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റും മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എം ഡി പി) നേതാവുമായ മുഹമ്മദ് നശീദിനെതിരെ അട്ടിമറി വിജയം നേടിയത്. 98 ശതമാനം വോട്ടുകളും എണ്ണിയപ്പോള്‍ യമീനിന് 51.3 ശതമാനം വോട്ടുകള്‍ ലഭിച്ചതായും നശീദിന് 48.6 ശതമാനം വോട്ടുകള്‍ മാത്രമെ ലഭിച്ചിട്ടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഫുആദ് തൗഫീഖ് വ്യക്തമാക്കി.
നേരത്തെ നടന്ന തിരഞ്ഞെടുപ്പില്‍ നശീദിനോട് പരാജയപ്പെട്ട യമീന്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നശീദിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ അമ്പത് ശതമാനം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടില്ലായിരുന്നു. മാസങ്ങളോളമായി രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് പരിഹാരം തേടി മൂന്ന് മാസത്തിനിടെ നാലാം തവണയാണ് മാലദ്വീപ് ജനത ഇന്നലെ പോളിംഗ് ബൂത്തിലെത്തിയത്.
നവംബര്‍ ഒമ്പതിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതോടെ പ്രഖ്യാപിച്ച രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. ഏറെ കുറെ സമാധാനപരമായി നടന്ന വോട്ടെടുപ്പില്‍ 75 ശതമാനം പോളിംഗ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി അറിയിച്ചു. സെപ്തംബര്‍ ഏഴിന് നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് മാലദ്വീപില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് തുടക്കമായത്. കഴിഞ്ഞ മാസം വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ അമ്പത് ശതമാനത്തിന്റെ ഭൂരിപക്ഷം നേടാനായില്ല.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നിലവിലെ പ്രസിഡന്റ് മുഹമ്മദ് വഹീദ് രാജിവെക്കുകയും പിന്നീട് രാജ്യം വിടുകയും ചെയ്തു. രാജ്യത്ത് ജനാധിപത്യ മാര്‍ഗത്തിലൂടെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നശീദിനെ സൈനിക സഹായത്തോടെ പുറത്താക്കിയ വഹീദ്, 2012ലാണ് പ്രസിഡന്റായി സ്ഥാനമേറ്റത്.