Connect with us

Kozhikode

ആര്‍ എം പി സംസ്ഥാന കണ്‍വെന്‍ഷന്‍ നാളെ തുടങ്ങും

Published

|

Last Updated

കോഴിക്കോട്: റവല്യൂഷണറി മാര്‍കിസ്റ്റ് പാര്‍ട്ടി സംസ്ഥാന കണ്‍വെന്‍ഷന്‍ 17,18 തീയതികളില്‍ കോഴിക്കോട്ട് ടി പി ചന്ദ്രശേഖരന്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ നടക്കുന്ന സമ്മേളനം അപ്പുക്കുട്ടന്‍ വള്ളിക്കുന്നും 18ന് നാല് മണിക്ക് മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനം ഡല്‍ഹി ലെഫ്റ്റ് കലക്ടീവ് നേതാവ് ഡോ. പ്രസേന്‍ജിത്ത് ബോസും ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ സംസ്ഥാന തലത്തില്‍ രൂപവത്കരിക്കുന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം നടക്കും.
സി പി എം പഞ്ചാബിന്റെ നേതാവ് ഹര്‍കമല്‍ സിംഗ്, ഗംഗാധര്‍ (മാര്‍കിസ്റ്റ് പാര്‍ട്ടി തമിഴ്‌നാട്), ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഒന്നര പതിറ്റാണ്ടിലേറയായി സി പി എമ്മില്‍ നടക്കുന്ന ആശയസമരങ്ങളുടെ ഭാഗമായി പുറത്ത് വന്ന വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രൂപ്പുകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഇവര്‍ പറഞ്ഞു.
ആഗോളവത്ക്കരണ ഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങള്‍, ലാറ്റിന്‍ അമേരിക്കയിലെ സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റങ്ങളുടെ അനുഭവങ്ങള്‍, ഇന്ത്യയുടെ സവിശേഷമായ സാമൂഹിക ഘടനയുടെ വിശകലനം, ആദിവാസി പ്രശ്‌നങ്ങളെ വികസിച്ച വര്‍ഗരാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിലുള്ള വിലയിരുത്തല്‍ എന്നിവ കണ്‍വെന്‍ഷന്‍ വിശദമായി ചര്‍ച്ച ചെയ്യും.പാര്‍ട്ടിയുടെ നയരേഖയും ഭരണഘടനയും കണ്‍വെന്‍ഷനില്‍ അംഗീകരിക്കും. കൂടാതെ കേരളത്തിലെ ജനകീയ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രത്യേക സെഷനും പാര്‍ട്ടി സംസ്ഥാന കമ്മറ്റി തിരഞ്ഞെടുപ്പും സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാകുമെന്ന് ഇവര്‍ അറിയിച്ചു. കണ്‍വെന്‍ഷന്റെ ഭാഗമായി 17, 18 തീയതികളില്‍ മാധ്യമ ചരിത്ര പ്രദര്‍ശനം നടക്കും.