Connect with us

International

കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് തുടക്കമായി

Published

|

Last Updated

കൊളംബോ: ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ വായ്പ പുനഃക്രമീകരണം, കാലാവസ്ഥാ മാറ്റം എന്നിവ ചര്‍ച്ചയാകും.
ആഭ്യന്തര യുദ്ധം സംബന്ധിച്ച് സ്വതന്ത്ര്യമായ അന്വേഷണം വേണമെന്ന ആവശ്യത്തിന് വഴങ്ങാതിരുന്ന പ്രസിഡന്റ് മഹീന്ദാ രജപക്‌സെയുടെ അന്താരാഷ്ട്ര പ്രതിച്ഛായ ഇടിഞ്ഞ ഘട്ടത്തിലാണ് ഉച്ചകോടി. കാനഡ, ഇന്ത്യ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ ഉച്ചകോടിയില്‍നിന്നും വിട്ടുനിന്നതും കാമറൂണിന്റെ ജാഫ്‌ന സന്ദര്‍ശനവും ആഭ്യന്തര യുദ്ധത്തിലെ ഇരകള്‍ക്കനുകൂലമായ നിലപാടായി വേണം കാണാന്‍. അതേസമയം കോമണ്‍വെല്‍ത്തിനെ വിധിന്യായ സമിതിയായി മാറ്റരുതെന്നും ഉഭയകക്ഷി അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിയരുതെന്നും ഉച്ചകോടിയിലെ ആമുഖ പ്രസംഗത്തില്‍ രജപക്‌സെ പറഞ്ഞു. ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 8.2 ആകുകയും കഴിഞ്ഞ വര്‍ഷം രാജ്യം സന്ദര്‍ശിച്ച ടൂറിസ്റ്റുകളുടെ എണ്ണം പത്ത് ലക്ഷം ആകുകയും ചെയ്തത് പുതിയ റെക്കോഡാണ്.
എന്നാല്‍ ആഭ്യന്തരയുദ്ധത്തിനിടെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇവയുടെ മാറ്റ് കുറക്കുകയാണ്. ഇതിന്റെ പേരില്‍ ഉച്ചകോടിയില്‍നിന്നും വിട്ടു നില്‍ക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത് കാനഡയാണ്. തുടര്‍ന്ന് മൗറീഷ്യസും ഇന്ത്യയും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. എല്‍ ടി ടി ഇ വിരുദ്ധ സൈനിക നീക്കത്തിന്റെ അവസാനഘട്ടത്തില്‍ സിവിലിയന്‍മാരായ 40,000 തമിഴന്‍മാരെ സൈന്യം കൊന്നൊടുക്കയെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്. 1972ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ 100,000ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

Latest