Connect with us

Editorial

വിഷം ചീറ്റുന്ന വെള്ളാപ്പള്ളി

Published

|

Last Updated

കേരളത്തിലെ ഹിന്ദുക്കളോട് പെറ്റുപെരുകാന്‍ എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം. സംസ്ഥാനത്ത് മുസ്‌ലിംകളും ക്രിസ്ത്യാനികളും പെറ്റുപെരുകുകയാണ്. ഹിന്ദുക്കള്‍ കുടുംബാസൂത്രണ പദ്ധതികള്‍ ഉപേക്ഷിച്ചു പെറ്റുപെരുകിയില്ലെങ്കില്‍ 15 വര്‍ഷം പിന്നിടുമ്പോഴേക്ക് ഹിന്ദുക്കള്‍ ന്യൂനപക്ഷവും ഇന്നത്തെ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷവുമായിത്തീരുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ വിശാല ഹിന്ദു ഐക്യത്തിന് തടസ്സം മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണെന്നും രാജ്യത്തെ തീവ്രവാദികളെല്ലാം മുസ്‌ലിംകളാണെന്ന് പറയാനാകില്ലെങ്കിലും തീവ്രവാദികളായി പിടിക്കപ്പെടുന്നവരൊക്കെയും മുസ്‌ലിംകളാണെന്നും കോട്ടയത്ത് രണ്ടാമത് ഹിന്ദു പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ആരോപിക്കുകയുണ്ടായി.
ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് തടസ്സം ജാതി മേലാളന്മാരാണെന്ന് നേരത്തെ വിലപിച്ചിരുന്ന വെള്ളാപ്പള്ളിക്കിപ്പോള്‍ ജാതിമേലാളന്മാരുമായി കൂട്ടായി പ്രവര്‍ത്തിച്ചെങ്കിലേ പിന്നാക്ക ജാതിക്കാര്‍ക്ക് രക്ഷയുള്ളുവെന്ന തിരിച്ചറിവുണ്ടായത് സ്വാഗതാര്‍ഹം. തദടിസ്ഥാനത്തില്‍ വിശാല ഹിന്ദു ഐക്യം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ തത്രപ്പാടും മനസ്സിലാക്കാം. അതിന് പക്ഷെ കേരളത്തിലെ മുസ്‌ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ വിഷം ചീറ്റുന്നതെന്തിനാണെന്നാണ് മനസ്സിലാകാത്തത്.
ബാബ്‌രി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ടു രാജ്യത്ത് രൂപപ്പെട്ട വര്‍ഗീയ ധ്രുവീകരണത്തിന്റെ പരിപോഷണത്തിന് ഹിന്ദുത്വ ശക്തികള്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണമാണ് ബഹുഭാര്യത്വത്തിലൂടെ മുസ്‌ലിംകള്‍ ജനസംഖ്യാപരമായി പെരുകുന്നുവെന്നത്. സാമുദായികാടിസ്ഥാനത്തില്‍ ബഹുഭാര്യത്വത്തെക്കുറിച്ചു നടന്ന സര്‍വേകള്‍ കാണിക്കുന്നത് മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ബഹുഭാര്യത്വം ഹിന്ദുക്കളിലാണെന്നാണ്. ഒരു സര്‍വേ പ്രകാരം ഗോത്രവര്‍ഗക്കാരില്‍ 15.25 ശതമാനവും ബുദ്ധമതക്കാരില്‍ 7.97 ശതമാനവും ജൈനമതക്കാരില്‍ 6.72 ശതമാനവും ഹിന്ദുക്കളില്‍ 5.80 ശതമാനവുമാണ് ബഹുഭാര്യത്വമെങ്കില്‍ മുസ്‌ലിംകളില്‍ 5.23 ശതമാനമാണെന്നാണ്. ജനസംഖ്യാ വര്‍ധന ലക്ഷ്യമിട്ടു മുസ്‌ലിംകള്‍ സന്താന നിയന്ത്രണ മാര്‍ഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഓപറേഷന്‍സ് റിസര്‍ച്ച് ഗ്രൂപ്പ് 1983 ലും 1990 ലും നടത്തിയ സാമ്പിള്‍ സര്‍വേകള്‍ പ്രകാരം കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന ഹിന്ദുക്കളുടെ എണ്ണത്തില്‍ ഈ രണ്ട് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ വര്‍ധന 10 ശതമാനവും മുസ്‌ലിംകളില്‍ 11 ശതമാനവുമായിരുന്നു. അണുകുടംബത്തില്‍ ഒതുങ്ങാനുള്ള ത്വരയും ജീവിത സങ്കല്‍പ്പങ്ങളില്‍ വന്ന മാറ്റവും കാരണമായി പുതിയ കാലഘട്ടത്തില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന മുസ്‌ലിംകളുടെ എണ്ണം പൂര്‍വോപരി വര്‍ധിച്ചിട്ടുമുണ്ട്.
മലോഗാവ്, ഹൈദരബാദ്, അജ്മീര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് സംഘ്പരിവാര്‍ സംഘടനകളാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയും ഏറ്റവുമൊടുവില്‍ നരേന്ദ്ര മോഡിയുട സന്ദര്‍ശനത്തോടനുബന്ധിച്ചു പാറ്റ്‌നയിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അഞ്ച് ഹൈന്ദവ യുവാക്കളെ എന്‍ ഐ എ പിടികൂടുകയും ചെയ്തിരിക്കെ, തീവ്രവാദികളെല്ലാം മുസ്‌ലികളാണെന്ന സംഘ്പരിവാറിന്റെ പഴകിപ്പുളിച്ച ആരോപണം വെള്ളാപ്പള്ളി ആവര്‍ത്തിച്ചത് ശുദ്ധ വിവരക്കേടായിപ്പോയി.
ഹൈന്ദവരെന്നല്ല ഒരു സമുദായവും സംഘടിച്ചു ശക്തമാകുന്നതിന് മുസ്‌ലിംകള്‍ എതിരല്ല. ജാതി ചിന്തകള്‍ വിസ്മരിച്ചു ഹിന്ദുക്കള്‍ ഒന്നിക്കുന്നത് കീഴാളന്മാരായി മുദ്രയടിക്കപ്പെട്ട ജാതിക്കാരുടെ ഉന്നമനത്തിന് ഉതകുമെങ്കില്‍ മുസ്‌ലിംകള്‍ക്ക് സന്തോഷമേയുള്ളു. പാര്‍ശ്വവത്കരിക്കപ്പെട്ട ജാതിക്കാരുടെ മോചനത്തില്‍ മുസ്‌ലിം പണ്ഡിതരും സൂഫികളും ഭരണകര്‍ത്താക്കളും നല്‍കിയ സംഭാവനകള്‍ വെള്ളാപ്പള്ളിക്കറിയില്ലെങ്കില്‍ ചരിത്ര ഗ്രന്ഥങ്ങള്‍ ഒരാവര്‍ത്തി വായിക്കുന്നത് നന്ന് . കഴിഞ്ഞ ജനുവരി ഒന്നിന് പെരുന്നയില്‍ മന്നം ജയന്തി സമ്മേളനത്തിനു മുന്നോടിയായുള്ള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കവെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്, ഹൈന്ദവരുടെ ഐക്യത്തിന് തടസ്സം രാഷ്ട്രീയ പാര്‍ട്ടികളാണെന്നാണ്. മറ്റു മതക്കാരാണെന്നല്ല. അതാണ് വസ്തുതാപരം. ഹിന്ദുക്കള്‍ ജാതികളും ഉപജാതികളുമായി ഭിന്നിച്ചു നില്‍ക്കേണ്ടതും കീഴാള ജാതികള്‍ പൊതുധാരയിലേക്ക് വരാതെയും വിദ്യാഭ്യാസ പരമായി ഉയരാതെയും ഇന്നത്തെ നിലയില്‍ തന്നെ തുടരേണ്ടതും രാജ്യത്തെ മുന്‍നിര പാര്‍ട്ടികളുടെ താത്പര്യ സംരക്ഷണത്തിന് അനിവാര്യമാണ്. അവരുടെ ഉണര്‍വ് തങ്ങളുടെ വോട്ട് ബേങ്കിന് ക്ഷീണം വരുത്തുമെന്നാണ് രാഷ്ട്രീയക്കാര്‍ ഭയക്കുന്നത്.
സാമുദായിക സൗഹാര്‍ദത്തിന് ഇന്നും കാര്യമായ ക്ഷതമേറ്റിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. പരസ്പര സഹകരണത്തോടെയാണ് സംസ്ഥാനത്തെ ജനങ്ങള്‍ പൊതുവെ ജീവിച്ചു വരുന്നത്. ഈ അന്തരീക്ഷം തകര്‍ത്ത് ഫാസിസ്റ്റ് ശക്തികള്‍ക്ക് നിലമൊരുക്കാനേ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ ഉപകരിക്കുകയുള്ളു.

Latest