Connect with us

International

ഹയാന്‍: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

Published

|

Last Updated

മനില: ഫിലിപ്പൈന്‍സിലെ ദുരിത ബാധിത മേഖലയിലേക്ക് ലോകരാജ്യങ്ങളും യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും പ്രഖ്യാപിച്ച സഹായങ്ങള്‍ എത്തിത്തുടങ്ങി. ഹൈയാന്‍ കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ടെക്‌ലോബാന്‍ പ്രവിശ്യയില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഭക്ഷണങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യാന്‍ തുടങ്ങി. ടെക്‌ലോബാന്‍ അടക്കമുള്ള ഉള്‍പ്രദേശങ്ങളിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രവിശ്യയിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നത് ഇവിടേക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും വന്‍തോതില്‍ ബാധിച്ചതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും സൈനികരടക്കമുള്ള സംഘം ഫിലിപ്പൈന്‍സിലെത്തിയിട്ടുണ്ട്. ഫിലിപ്പൈന്‍സിന് നല്‍കുമെന്ന് പ്രഖ്യാപിച്ച സാമ്പത്തിക, ഭക്ഷണ സഹായങ്ങളും തലസ്ഥാനമായ മനിലയില്‍ എത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
ഭക്ഷണങ്ങളും മറ്റും വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ കിലോമീറ്ററുകള്‍ നീണ്ട നിരയാണ് കാണാന്‍ സാധിച്ചതെന്നും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ ഭക്ഷണത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്ന വേദനാജനകമായ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാപ്രവര്‍ത്തനങ്ങളും സഹായ വിതരണങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍സ് ആഭ്യന്തര മന്ത്രി മാര്‍ റോക്‌സാസ് വ്യക്തമാക്കി. ദുരിതമേഖല പ്രദേശങ്ങളില്‍ ക്രമസമാധാനം നിലനിര്‍ത്തുക, എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുക, കൊടുങ്കാറ്റ് മേഖലകള്‍ പൂര്‍വസ്ഥാനത്തേക്ക് കൊണ്ടുവരിക എന്നിവയാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. ഹൈയാന്‍ കാറ്റ് ആഞ്ഞടിച്ച് അഞ്ച് ദിവസം പിന്നിടുമ്പോഴും മരണ സംഖ്യ സംബന്ധിച്ചോ പരുക്കേറ്റവരുടെ എണ്ണം സംബന്ധിച്ചോ വ്യക്തമായ വിവരം നല്‍കാന്‍ സര്‍ക്കാറിനോ സന്നദ്ധ സംഘടനകള്‍ക്കോ സാധിക്കുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തില്‍ പതിനായിരക്കണക്കിനാളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് യു എന്‍ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞിരുന്നത്. മരണ സംഖ്യ ഇനിയും വര്‍ധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ മരണ സംഖ്യ സംബന്ധിച്ച യു എന്‍ കണക്ക് ശരിയല്ലെന്നും ഔദ്യോഗിക കണക്കനുസരിച്ച് 2000 പേരുടെ മരണമാണ് സ്ഥിരീകരിച്ചതെന്നും ഇത് 2,500 വരെ വര്‍ധിച്ചേക്കുമെന്നും ഫിലിപ്പൈന്‍സ് പ്രസിഡന്റ് ബെനിഗ്നോ അക്യുനോ വ്യക്തമാക്കി.

---- facebook comment plugin here -----

Latest