Connect with us

National

ഹൈക്കോടതി മുന്‍ ജഡ്ജിക്കെതിരെ കുറ്റം ചുമത്താന്‍ അനുമതി

Published

|

Last Updated

ചണ്ഡീഗഢ്: ജഡ്ജിയുടെ വീട്ടുപടിക്കല്‍ പണം കണ്ടെത്തിയ കേസില്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി നിര്‍മല്‍ യാദവിനെതിരെ കുറ്റം ചുമത്തല്‍ നടപടികളുമായി മുമ്പോട്ടുപോകാന്‍ പ്രത്യേക കോടതി തീരുമാനിച്ചു. നവംബര്‍ 26ന് മുമ്പായി കോടതിയില്‍ ഹാജരാകാന്‍ നിര്‍മല്‍ യാദവിന് കോടതി നിര്‍ദേശം നല്‍കി. 2008ലാണ് കേസിനാസ്പദമായ സംഭവം.

ആരോഗ്യ പ്രശ്‌നങ്ങളാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍മല്‍, ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നാട്യമാണെന്നായിരുന്നു സി ബി ഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനുപം ഗുപ്ത വാദിച്ചത്. ജൂലൈ 31ലെ സ്‌പെഷ്യല്‍ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കേസ് നീട്ടിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നടപടികള്‍ സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. ജൂലൈ 31നാണ് നിര്‍മല്‍ യാദവിനെ ഉള്‍പ്പെടുത്തി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഹരിയാന മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ സഞ്ജീവ് ബന്‍സാല്‍, ഹോട്ടല്‍ വ്യവസായി രവീന്ദര്‍ സിംഗ്, വ്യവസായി രാജീവ് ഗുപ്ത എന്നിവരാണ് നിര്‍മലിനെ കൂടാതെ കേസിലെ കുറ്റാരോപിതര്‍. 2008ല്‍ ഹൈക്കോടതി ജഡ്ജിയായ നിര്‍മല്‍ജിത് കൗറിന്റെ വസതിയുടെ വാതില്‍പ്പടിയില്‍ 15 ലക്ഷം രൂപയടങ്ങിയ പാക്കറ്റ് കാണപ്പെട്ടതാണ് കേസ്. അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന നിര്‍മല്‍ സിംഗിനുള്ളതായിരുന്നു ഈ പണമെന്നും പേരിലെ സാമ്യം കാരണം പണം കൊണ്ടുവന്ന ആള്‍ക്ക് തെറ്റിയതാണെന്നും കണ്ടെത്തി.