Connect with us

Malappuram

കൊയ്ത നെല്ല്‌കൊണ്ട് ചോറ് വിളമ്പി: അഞ്ചച്ചവിടി സ്‌കൂള്‍ നെല്ല്കൃഷിയുടെ വിജയഗാഥ നാടിന് മാതൃക

Published

|

Last Updated

കാളികാവ്: ചരിത്രത്തിന്റെ താളുകളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന നെല്ല്കൃഷിയെ കൂട്ടായ്മയുടെ പാഠം കൊണ്ട് നൂറ് മേനി വിളവെടുത്ത അഞ്ചച്ചവിടിസ്‌കൂളില്‍ നിന്ന് നാടിന് പഠിക്കാന്‍ പുതിയൊരു മാതൃകകൂടി.
അധ്വാനിച്ചുണ്ടാക്കിയ നെല്ല് കൊയ്‌തെടുത്ത കുട്ടികര്‍ഷകര്‍ കുത്തരി കൊണ്ട് തേങ്ങാ ചോറ് വെച്ച് വിളമ്പി. നെല്ല് കുത്തി ഉണക്കി പുഴുങ്ങി വീണ്ടും ഉണക്കി കുത്തി അരിയാക്കിയാണ് ചോറ് വെച്ച് വിളമ്പിയത്. 1200 വിദ്യാര്‍ത്ഥികളും, അധ്യാപകരും പി ടി എയും മറ്റും ഉള്‍പ്പടെ 1300 പേര്‍ക്കാണ് കുട്ടി കര്‍ഷകര്‍ ഉണ്ടാക്കിയ നെല്ലില്‍ നിന്ന് ചോറ് വിളമ്പിയത്.
അധ്യാപകരുടേയും, രക്ഷിതാക്കളുടേയും സഹകരണത്തോടെ ആറാം ക്ലാസുകാരായ പി കെ ജാലിബ്, ആസില്‍, മുനീര്‍, എന്നിവരും ഏഴാം ക്ലാസുകാരായ പി ശോഭിക, എം ഇര്‍ഫാന തുടങ്ങിയവരുമാണ് നെല്ല് ഉണ്ടാക്കിയതിന് നേതൃത്വം നല്‍കിയത്. കാനഡ, സ്വീഡന്‍ എന്നീ രണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ നിരവധി ആളുകളാണ് സ്‌കൂള്‍ മുറ്റത്തെ നെല്ല് കൃഷി കാണാന്‍ എത്തിയിരുന്നത്.
ചരിത്രം കുറിച്ച ഈ മുന്നേറ്റത്തിന് പുറമെ വിദ്യാര്‍ത്ഥികള്‍ വിളവെടുത്ത നെല്ലില്‍ നിന്ന് അരി ഉണ്ടാക്കി ചോറ് വെച്ച് വിളമ്പിയത് നാടിന് മാതൃകയായി. ഓരോ നെല്ല് ചെടിയും തന്റേതാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സ്‌കൂളിലെ ഓരോ കുട്ടികളും.
കുട്ടികള്‍ വീട്ടില്‍ നിന്ന് ചാണകവും മറ്റും കൊണ്ട് വന്നാണ് നെല്ല് കൃഷിയെ പരിപാലിച്ചിരുന്നത്. കുട്ടിക്കര്‍ഷകരെ സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നൂറ് മേനി വിളഞ്ഞ നെല്ലില്‍ നിന്ന് വിളവെടുപ്പ് ഉത്സവമായിത്തന്നെ ആഘോഷിക്കുകയും ചെയ്തിരുന്നു.
കൊയ്‌തെടുത്ത നെല്ല് കൊണ്ട് ഉണ്ടാക്കിയ സദ്യ ഉത്സവച്ചായയില്‍ കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല വിളമ്പി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ ടി കുഞ്ഞാപ്പ ഹാജി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി ശശികുമാര്‍, പി ടി എ പ്രസിഡന്റ് വി ഇബ്രാഹീം, ബി പി ഒ ആന്‍ഡ്രൂസ് മാത്യു, അധ്യാപകരായ ഖമര്‍ ബാദുഷ, എസ് വി ഹംസ, ഒ കെ ശിവപ്രസാദ്, സി ടി കുഞ്ഞിമുഹമ്മദ്, ടി എസ് രവികുമാര്‍, ജോയിക്കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ ലീഡര്‍ എ ടി അര്‍ഷദ് നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest