Connect with us

Gulf

ഊര്‍ജ മേഖലയില്‍ മുതല്‍ മുടക്കിയത് 4,300 കോടി ഡോളര്‍

Published

|

Last Updated

ദുബൈ: ജി സി സി രാജ്യങ്ങള്‍ ഊര്‍ജ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മുതല്‍ മുടക്കിയത് 4,300 കോടി ഡോളര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം നവംമ്പര്‍ വരെയുള്ള കാലഘട്ടത്തിലാണ് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഊര്‍ജ രംഗത്ത് വന്‍ നിക്ഷേപം നടന്നിരിക്കുന്നത്. ഇ പി സി(എഞ്ചിനിയറിംഗ് പ്രൊക്യൂര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) മേഖലയിലാണ് ഇത്രയും തുകയുടെ മുതല്‍മുടക്ക് സംഭവിച്ചിരിക്കുന്നത്.

ഓയില്‍, ഗ്യാസ്, പെട്രോകെമിക്കല്‍, തുടങ്ങിയവയിലാണ് മുതല്‍മുടക്ക്. മേഖലയിലെ പദ്ധതികളെക്കുറിച്ച് മീഡ്‌സ് ആണ് വിവരം ശേഖരിച്ചത്. തുകയുടെ 40 ശതമാനവും മുതല്‍മുടക്കിയത് രണ്ട് സഊദി പൗരന്‍മാരാണ്. സഊദി ഇലക്ട്രിസിറ്റി കമ്പനി(എസ് ഇ സി)യുമായി ബന്ധപ്പെട്ട 23 എണ്ണത്തിനായാണ് തുക നിക്ഷേപിച്ചത്.
ഇതില്‍ ജിദ്ദ സൗത്ത് തെര്‍മല്‍ പവര്‍ പ്ലാന്റ്, ഷുഖൈഖ് സ്റ്റീം പവര്‍ പ്ലാന്റ് എന്നീ വമ്പന്‍ പദ്ധതികളും ഉള്‍പ്പെടും.
സഊദി അരാംകോയുടെ ജിസാന്‍ റിഫൈനറി പദ്ധതിയിലാണ് ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപം നടന്നിരിക്കുന്നത്. 1,900 കോടി ദിര്‍ഹം വരുമിത്. മൂന്നാമതായി ഏറ്റവും കൂടിയ തുകയുടെ പദ്ധതിക്ക് കരാറായിരിക്കുന്നത് അബൂദാബി മറൈന്‍ ഓപറേറ്റിംഗ് കമ്പനിയുമായുള്ളതാണ്. 490 കോടി ഡോളര്‍ വരുന്ന അഞ്ചു കരാറുകളാണ് ഇതിലുള്ളത്. ദാസ് ഐലന്റ്, സര്‍ബ്, ഉം അല്‍ ലുലു ഫീല്‍ഡ്‌സ് പദ്ധതി എന്നിവക്കായാണിത്. ഈ മേഖലയില്‍ നല്‍കിയ കരാറുകളുടെ 17 ശതമാനവും മുന്നു കമ്പനികള്‍ക്കാണ് ലഭിച്ചത്.
കൂടുതല്‍ കരാറുകളും ലഭിച്ചത് കൊറിയന്‍ കമ്പനികള്‍ക്കാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. 2009 മുതല്‍ കൊറിയന്‍ കമ്പനികള്‍ക്കാണ് കൂടുതല്‍ കരാറുകള്‍ ലഭിക്കുന്നത്. മൊത്തമുള്ള 10 വന്‍കിട പദ്ധതികളില്‍ ഏഴും കൊറിയന്‍ കമ്പനികള്‍ കരസ്ഥമാക്കി. കൊറിയയില്‍ നിന്നുള്ള സ്വകാര്യ വ്യക്തികളോ ഇവരുടെ കൂട്ടായ്മയോ ഉള്‍പ്പെടുന്ന കമ്പനികളാണ് കരാറുകള്‍ വാരിക്കൂട്ടിയത്. ഇതിലൂടെ ഇ പി സി കോണ്‍ട്രാക്ട് ലഭിക്കുന്നവരില്‍ മേല്‍കൈയും കൊറിയക്കാര്‍ക്ക് ലഭിച്ചു.
ഹൈയൂണ്ടായി ഹെവി ഇന്റസ്ട്രീസിനാണ് ഏറ്റവും അധികം മുതല്‍ മുടക്കുള്ള നാലു പദ്ധതികളില്‍ മൂന്നും ലഭിച്ചിരിക്കുന്നത്. ഈ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആഗോളതലത്തില്‍ നടന്ന രണ്ടാമത്തെ ഏറ്റവും വലിയ കോണ്‍ട്രാക്ടുമാണിത്. മേഖലയില്‍ നിന്ന് നാഷണല്‍ പെട്രോളിയം കമ്പനി മാത്രമാണ് ലോകത്തിലെ ഇത്തരത്തിലുള്ള 10 പത്ത് കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചത്.