Connect with us

Malappuram

കൊലവിളിയുമായി ടിപ്പര്‍ ലോറികള്‍

Published

|

Last Updated

വളാഞ്ചേരി: അമിതഭാരം കയറ്റിയ ടിപ്പര്‍ ലോറികള്‍ എടയൂരിന്റെ ഇട റോഡുകളില്‍ കൂടിചീറിപ്പായുന്നത് നിത്യ കാഴ്ചയാണ്. ചെങ്കുത്തായ കയറ്റിറക്കങ്ങളും വളവു തിരിവുകളെല്ലാം ഒറ്റകൈയില്‍ സ്റ്റിയറിംഗുപയോഗിച്ച് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതും അമിതഷോയും മൂലം വഴിയാത്രക്കാര്‍ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. മാവണ്ടിയൂര്‍ ഹൈസ്‌കൂള്‍ റോഡിലാണ് ഏറെ ഭീഷണി.
സ്‌കൂളിന് കുറച്ചപ്പുറത്തുള്ള ക്വാറികളില്‍ നിന്നും അമിതഭാരം കയറ്റി ചീറിപ്പാഞ്ഞുവരുന്ന ലോറികള്‍ക്കിടയില്‍ നിന്നും ഭാഗ്യം കൊണ്ടുമാത്രമാണ് പലപ്പോഴും രക്ഷപ്പെടുന്നത്. രാവിലെ ഒന്‍പതിനും 11നും ഇടക്ക് വൈകുന്നേരം 3.30നും 5.30നും ഇടയിലും ടിപ്പറുകളും അകമ്പടികളും നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടെ നിരോധനം ആര്‍ക്കും ബാധകമല്ല. അധികാരികള്‍ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരും വിദ്യാര്‍ഥികളും പരാതിപ്പെടുന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അധികാരികള്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ നടന്ന അപകടത്തില്‍ നിശേഷം തകര്‍ന്ന സ്‌കൂട്ടര്‍ മണിക്കൂറുകള്‍ക്കകം അപകടസ്ഥലത്ത് നിന്നും നീക്കി സ്റ്റേഷനിലെത്തിക്കാന്‍ പോലീസ് കാണിച്ച അത്യുത്സാഹം നാട്ടുകാര്‍ തടഞ്ഞിരുന്നു. സ്‌കൂട്ടര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് പരോധിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂട്ടര്‍ തിരികെ കൊണ്ടുവന്നതിന് ശേഷമാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. വലിയ ടിപ്പര്‍ ലോറിയുടെ അമിത വേഗതയാണ് ദാരുണമായ അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ടിപ്പര്‍ ലോറി രോഷാകുലരായ നാട്ടുകാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വളാഞ്ചേരി സി ഐ. പി അബ്ദുല്‍ബഷീറിന്റെ നേതൃത്വത്തില്‍ നാട്ടുകാരുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. ഇതിനിടയില്‍ രംഗം ചിത്രീകരിക്കുന്നതിനെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും നാട്ടുകാരുടെ രോഷ പ്രകടനമുണ്ടായി.