Connect with us

Articles

ആരുടെ അഭിപ്രായം? ആര്‍ക്ക് വേണ്ടിയുള്ള സര്‍വേ?

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമീപത്തെത്തിയിരിക്കെ, അഭിപ്രായ സര്‍വേകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കയാണ്. അഭിപ്രായ സര്‍വേകള്‍ നിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായം ആരാഞ്ഞതോടെയാണ് ചര്‍ച്ച മുറുകിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ അഭിപ്രായ സര്‍വേകള്‍ നിരോധിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ. അറ്റോര്‍ണി ജനറല്‍ ഇ വഹന്‍വതി ഇതിനനുകൂലമായി നിയമോപദേശം നല്‍കിയിട്ടുമുണ്ട്. സര്‍വേകള്‍ നിരോധിക്കുന്നതിനു ഭരണഘടനാപരമായ തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കിയ അറ്റോര്‍ണി ജനറല്‍ അഭിപ്രായ സര്‍വേകള്‍ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വോട്ടര്‍മാരില്‍ മുന്‍വിധി സൃഷ്ടിക്കുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് അത് അനുഗുണമല്ലെന്നും നിരീക്ഷിക്കുന്നു. വാജ്പയി സര്‍ക്കാറിന്റെ കാലത്ത് അറ്റോര്‍ണി ജനറല്‍ ആയിരുന്ന സോളി സൊറാബ്ജിയുടെ പക്ഷം, അഭിപ്രായസര്‍വേകള്‍ നിരോധിക്കരുതെന്നും അത് അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റുമാകുമെന്നുമായിരുന്നു.

കോണ്‍ഗ്രസ് നിലപാട് വ്യക്താക്കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് സര്‍വേകള്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിക്കണമെന്നാണ് പാര്‍ട്ടിയുടെ പക്ഷം. ഇപ്പോള്‍ പുറത്തു വരുന്ന അഭിപ്രായ സര്‍വേകള്‍ അശാസ്ത്രീയവും കൃത്രിമവുമായതിനാല്‍ ജനാധിപത്യത്തിന് ഹിതകരമല്ലെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചു ഈയിടെ നടന്ന ചില സര്‍വേകളുടെ ഫലം കോണ്‍ഗ്രസിനെതിരായതാണ് കോണ്‍ഗ്രസിന്റെ സര്‍വേവിരോധത്തിന് പിന്നിലെന്നാണ് മറ്റു കക്ഷികള്‍ കുറ്റപ്പെടുത്തുന്നത്. ഇതില്‍ സത്യമുണ്ടാകാമെങ്കിലും സര്‍വേ നിരോധത്തിന് പാര്‍ട്ടി മുന്നോട്ട് വെച്ച കാരണങ്ങള്‍ തള്ളിക്കളയാനാകില്ല. ചോക്ലേറ്റ്, സോപ്പ്, ബ്യൂട്ടി ക്രീം കമ്പനികള്‍ തുടങ്ങി ചില വ്യവസായ സ്ഥാപനങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് മുടക്കി സര്‍വേകള്‍ നടത്തി തങ്ങളുടെ ഉത്പന്നത്തിന്റെ മികവ് കാണിക്കാറുള്ളതു പോലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചില പാര്‍ട്ടികളോ അവരുടെ ആശ്രിതരോ നടത്തുന്ന ഒന്നാം തരം തട്ടിപ്പാണ് പല തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളും. ആസന്നമായ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 34 ശതമാനം വോട്ടും 45 ശതമാനം മുതല്‍ 50 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് കാണിക്കുന്ന സര്‍വേക്ക് നേതൃത്വം നല്‍കിയത് പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാളും യോഗേന്ദ്ര യാദവും തന്നെയായിരുന്നു. അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ സര്‍വേ ഫലം കാണിക്കുന്നത് അടുത്ത ലോക്‌സഭാ തിരഞ്ഞെടപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ്. ബി ജെ പി 162 സീറ്റ് നേടുമ്പോള്‍ കോണ്‍ഗസിന് 102 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നാണ് ടൈംസ് നൗ സീ വാട്ടര്‍ സര്‍വേയുടെ പേരില്‍ വന്ന പ്രവചനം. റിലയന്‍സ്, ടാറ്റ പോലുള്ള മോഡിയുടെ പ്രചാരണ ചുമതല വഹിക്കുന്ന കോര്‍പ്പറേറ്റുകളാണ് ഈ സര്‍വേ സംഘടിപ്പിക്കുന്നറിയാത്ത സാധാരണക്കാരില്‍ പലരും ഇതപ്പടി വിശ്വസിച്ചെന്നിരിക്കും. വോട്ടര്‍മാരെ സ്വാധീനിക്കലാണല്ലോ സര്‍വേകളുടെ ലക്ഷ്യം. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം മോഡിയുടെ അധീനതയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബിര്‍ള കമ്പനി മുതല്‍മുടക്കി കോണ്‍ഗ്രസ് അനുകൂല സര്‍വേകള്‍ ധാരാളം നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് രാജ്യത്തെ കോര്‍പ്പറേറ്റുകളില്‍ മുമ്പനായ മുകേഷ് അംബാനിയുടെ റിലയന്‍സായിരുന്നു. ഹെലികോപ്റ്ററടക്കമുള്ള വാഹന സൗകര്യങ്ങള്‍ അംബാനി സൗജന്യമായി രാഹുലിന് നല്‍കുകയുമുണ്ടായി. മോഡി നേതൃ സ്ഥാനത്ത് വന്നതോടെ കോണ്‍ഗസിനെ തുണച്ചിരുന്ന മുകേഷ് അംബാനിയും മറ്റു വന്‍കിട കമ്പനികളും ബി ജെ പിയുമായി അടുത്തു കൊണ്ടിരിക്കയാണ്. രാഷ്ട്രീയമായ ആഭിമുഖ്യമല്ല, മറിച്ച് കൂടുതല്‍ കൊള്ളക്ക് ആരാണ് ഒത്താശ ചെയ്യുക എന്നത് മാത്രമാണ് വമ്പന്‍മാരെ മോഡിയുടെ പക്ഷത്ത് നിര്‍ത്തുന്നത്. ഗുജറാത്തിലെ വനഭൂമിയും മലയോരവും വംശഹത്യയിലൂടെ പിടിച്ചെടുത്ത സ്ഥലങ്ങളും പതിച്ചു നല്‍കിയാണ് വന്‍കിട കോര്‍പ്പറേറ്റുകളെ മോഡി വശത്താക്കുന്നത്.

ചുരുക്കം സര്‍വേ ഫലങ്ങള്‍ പുലരാറുണ്ടെങ്കിലും ഭൂരിപക്ഷവും പരാജയമാണെന്നതാണ് അനുഭവം. 2011ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മനോരമ ന്യൂസ് നടത്തിയ സര്‍വേ ഫലം എല്‍ ഡി എഫിന് അനുകൂലമായിരുന്നു. സി പി എമ്മിനും ഘടക കക്ഷികള്‍ക്കും കൂടി 75 സീറ്റുകള്‍ കിട്ടുമെന്നായിരുന്നു വിവിധ മണ്ഡലങ്ങളില്‍ വോട്ടെടുപ്പിനു ശേഷം നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ വിലയിരുത്തല്‍. സ്ത്രീകളുടെ വോട്ടുകള്‍ യു ഡി എഫിനും എല്‍ ഡി എഫിനും തുല്യമായിരിക്കുമെന്നും പുരുഷന്മാരില്‍ 46 ശതമാനം എല്‍ ഡി എഫിനെയും 44 ശതമാനം യു ഡി എഫിനെയും പിന്തുണക്കുമെന്നും സര്‍വേ അഭിപ്രായപ്പെട്ടിരുന്നു. ദി വീക്ക് വാരികക്കും സി എന്‍ എന്‍- ഐ ബി എന്‍ ചാനലിനും വേണ്ടി ഡോ. യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി എസ് ഡി എസ് ( സെന്റര്‍ ഫോര്‍ ദ് സ്റ്റഡീസ് ഒഫ് ഡെവലപ്പിംഗ് സൊസൈറ്റീസ്) ആണ് അന്ന് സര്‍വേ നടത്തിയിരുന്നത്. എന്നാല്‍ 72 സീറ്റ് നേടി യു ഡി എഫാണ് അധികാരത്തിലേറിയത്. ഇടത് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും യു ഡി എഫ് ഘടക കക്ഷികള്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മയും അടിസ്ഥാനപ്പെടത്തി തയാറാക്കിയ സര്‍വേക്കാര്‍ക്ക് പിണഞ്ഞ അബദ്ധം സി പി എം ഗ്രൂപ്പിസത്തിലെ അടിയൊഴുക്കിന്റെ തീവ്രത മനസ്സിലാക്കാന്‍ കഴിയാതിരുന്നതാണ്. അന്ന് ഏഷ്യാനെറ്റ് സ്‌പോണ്‍സര്‍ ചെയ്ത സീ ഫോര്‍ സര്‍വേയുടെ പ്രവചനം 2006നെ അപേക്ഷിച്ചു സംസ്ഥാനത്ത് ബി ജെ പിക്ക് ഇരട്ടി വോട്ട് ലഭിക്കുമെന്നായിരുന്നു. 2006ല്‍ ബി ജെ പി അഞ്ച് ശതമാനം വോട്ടാണ് നേടിയിരുന്നത്. അത് 10 ശതമാനമായി ഉയരുമെന്നും രണ്ട് സീറ്റ് നേടി നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കുമെന്നും അത് വിലയിരുത്തി. അതും പാളി. ഏഷ്യാനെറ്റ് ഉടമയും ബി ജെ പിയുമായി ചില ബന്ധങ്ങളുണ്ടെന്ന് പറയപ്പെടുന്ന സാഹചര്യത്തില്‍ കൂടി ഈ നിരീക്ഷണത്തെ വായിക്കുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകും. 2007ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോഡിക്കെതിരായിരുന്നു ചില സര്‍വേ ഫലങ്ങളെങ്കിലും നല്ല ഭൂരിപക്ഷത്തോടെ മോഡി ഭരണം നിലനിര്‍ത്തുകയുണ്ടായി.

കോണ്‍ഗ്രസ് നേതൃത്വം ആഗോളീകരണത്തിന് വിധേയപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത കാലം വരെയും രാജ്യത്തെ വന്‍കിട കമ്പനികള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. അന്ന് കോണ്‍ഗ്രസ് പ്രചാരണ ഫണ്ടിലേക്ക് കോടികള്‍ സംഭാവന നല്‍കുകയും പാര്‍ട്ടിക്കനുകൂലമായി സര്‍വേകള്‍ സംഘടിപ്പിക്കുകയും ചെയ്ത കമ്പനികള്‍, തീവ്ര സ്വദേശിവാദത്തിന്റെ വക്താക്കളായിരുന്ന ബി ജെ പി ക്രമേണ കോണ്‍ഗ്രസുകാരേക്കാള്‍ വലിയ മുതലാളിത്ത നടപടികളിലേക്ക് മാറുകയും മന്‍മോഹന്‍ സിംഗിനേക്കാള്‍ തീവ്രമായ കോര്‍പ്പറേറ്റ് അനുകൂലിയായ നരേന്ദ്ര മോഡി രംഗത്തു വരികയും ചെയ്തതിന്റെ പരിണതിയാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന ബി ജെ പി അനുകൂല സര്‍വേ ഫലങ്ങള്‍. തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന വ്യക്തമായ ധാരണ മിക്ക പേര്‍ക്കും ഉണ്ടാകുമെങ്കിലും പ്രത്യേക പാര്‍ട്ടി ബന്ധമോ, രാഷ്ട്രീയ ചിന്താശേഷിയോ ഇല്ലാത്ത സാധാരണക്കാരെ അഭിപ്രായ സര്‍വേകള്‍ സ്വാധീനിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. ജനാധിപത്യ പ്രക്രിയയിലെ തിരഞ്ഞെടുപ്പില്‍ ബാഹ്യ സ്വാധീനമില്ലാത്ത സ്വതന്ത്രമായ അന്തരീക്ഷം അനിവാര്യമായതിനാല്‍ ഇത്തരം സര്‍വേകള്‍ നിരോധിക്കേണ്ടത് നിഷ്പക്ഷമായ തിരഞ്ഞെടുപ്പിന് അനിവാര്യമാണ്.

ജ്യോത്സ്യന്മാരുടെ ഫലപ്രവചനത്തിനപ്പുറം ഇതില്‍ സത്യത്തിന്റെ അംശമില്ലെന്നത് ശരി. എന്നാല്‍ അത് തെറ്റായ സന്ദേശം വോട്ടര്‍മാര്‍ക്കു നല്‍കുന്നു എന്നതാണ് അതിലും വലിയ ശരി.

Latest