Connect with us

Health

ഇരുമ്പ് പോഷണ പദ്ധതി പാളി; ചെലവിട്ടത് മൂന്നേമുക്കാല്‍ കോടി

Published

|

Last Updated

കണ്ണൂര്‍ : കുട്ടികളിലും കൗമാരക്കാരിലും ഗുരുതരമായ രീതിയില്‍ കണ്ടുവരുന്ന വിളര്‍ച്ച പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ ഇരുമ്പ് പോഷണ പദ്ധതിയും ലക്ഷ്യം കണ്ടില്ല. ഈ വര്‍ഷമാദ്യം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലൂടെയും അങ്കണ്‍വാടികളിലൂടെയും നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയാണ് പാതിവഴിയിലായത്. മൂന്ന് കോടി 81 ലക്ഷം രൂപ ചെലവിട്ട് കുട്ടികള്‍ക്ക് നല്‍കാനായി അയേണ്‍ഫോളിക് ആസിഡ് ഗുളികകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ സജ്ജീകരിച്ചിരുന്നു. എന്നാല്‍ 40 ശതമാനം സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമേ ഇത് വിതരണം ചെയ്യാനായുള്ളൂവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പദ്ധതി തുടങ്ങി ഒമ്പത് മാസം പിന്നിട്ടിട്ടും അയേണ്‍ ഗുളിക വിതരണം കാര്യക്ഷമമാക്കാനാകാത്തത് എന്തുകൊണ്ടാണെന്നതിന് ആരോഗ്യ വകുപ്പിനും വ്യക്തമായ മറുപടിയില്ല. കോടികള്‍ ചെലവിട്ടുള്ള ഗുളിക സംഭരണത്തിനു പുറമെ ഇതിനായുള്ള പരസ്യങ്ങള്‍ക്കും മറ്റുമായി സര്‍ക്കാര്‍ ചെലവഴിച്ചതും ഭീമമായ തുകയാണ്. അതേസമയം, ഗുളിക കഴിച്ചാല്‍ ഏതെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന് കരുതിയാണ് മിക്ക സ്‌കൂളുകളും ഇതില്‍ നിന്ന് പിന്മാറുന്നതെന്ന വസ്തുത ആരോഗ്യ വകുപ്പും ചൂണ്ടിക്കാട്ടുന്നുണ്ട്.

രാജ്യത്തെ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളില്‍ 80 ശതമാനം പേര്‍ക്കും അഞ്ച് വയസ്സ് വരെയുള്ള കുട്ടികളില്‍ 70 ശതമാനത്തിനും കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 56 ശതമാനത്തിനും വിളര്‍ച്ച ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. രക്തക്കുറവ് കുട്ടികളില്‍ മാനസികവും ബൗദ്ധികവുമായ ശേഷി വികാസത്തിന് തടസ്സമാകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 60 ശതമാനത്തോളം സ്ത്രീകളിലും പെണ്‍കുട്ടികളിലും 20 ശതമാനം ആണ്‍കുട്ടികളിലും വിളര്‍ച്ച കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെയടിസ്ഥാനത്തിലാണ് 26 സംസ്ഥാനങ്ങളില്‍ പ്രതിവാര അയേണ്‍ഫോളിക് ആസിഡ് ഗുളിക വിതരണത്തിനായി പദ്ധതി ആവിഷ്‌ക്കരിച്ചത്. 52 ആഴ്ച തുടര്‍ച്ചയായി ഗുളിക വിതരണം ചെയ്യുന്നതിനാണ് നടപടി തയ്യാറാക്കിയത്. പദ്ധതി നടപ്പാക്കും മുമ്പ് 11 സംസ്ഥാനങ്ങളില്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുകയും ചെയ്തിരുന്നു. ഓരോ സംസ്ഥാന സര്‍ക്കാറിനും ഗുളിക വാങ്ങാനും പരസ്യം ചെയ്യാനും പദ്ധതി നടപ്പാക്കാനുമുള്ള തുക കേന്ദ്രം നേരിട്ട് തന്നെയാണ് നല്‍കിയത്. കേരളത്തില്‍ 44 ലക്ഷം കുട്ടികള്‍ക്ക് വേണ്ടിയാണ് ഗുളിക നല്‍കിയത്. അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതിനായി വിവിധ തലങ്ങളില്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. അങ്കണ്‍വാടികളിലെ കുട്ടികള്‍ക്കു പുറമെ ആറ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഗുളിക വിതരണം ചെയ്തുതുടങ്ങിയത്. ഓരോ സ്‌കൂളിലും ആഴ്ചയിലൊരു ദിവസവും അങ്കണ്‍വാടിയില്‍ ശനിയാഴ്ച ദിവസം ഉച്ചക്ക് ശേഷവുമാണ് ഗുളിക വിതരണം നടത്തിയത്. സ്‌കൂളുകളില്‍ ഇതിനായി പരിശീലനം ലഭിച്ച രണ്ട് വീതം അധ്യാപകരെയാണ് ചുമതലപ്പെടുത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ അതാത് സ്‌കൂളിലേക്ക് ആവശ്യമായ ഗുളികകള്‍ എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുളിക കഴിച്ച ചില കുട്ടികളെങ്കിലും ഛര്‍ദി, വയറിളക്കം, മനംപുരട്ടല്‍ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഗുളിക കഴിക്കുന്നതില്‍ ചിലയിടങ്ങളില്‍ നിന്ന് അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ പിന്തിരിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഗുളിക കഴിച്ചാല്‍ ചിലപ്പോള്‍ ഉണ്ടാകാനിടയുണ്ടെന്ന് പദ്ധതിയുടെ ആരംഭത്തില്‍ തന്നെ എന്‍ ആര്‍ എച്ച് എം മിഷന്‍ ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നുവെങ്കിലും സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ഗുളിക വിതരണത്തില്‍ അലംഭാവം കാട്ടുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. ചിലയിടങ്ങളില്‍ രക്ഷിതാക്കളുടെ ഇടപെടലാണ് ഗുളിക വിതരണത്തിന് തടസ്സമുണ്ടാക്കിയതെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കുന്നുണ്ട്. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് മുഖേന ഓരോ മാസവും ഗുളിക വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്ക സ്‌കൂളുകളും ഇത് പാലിച്ചിട്ടുമില്ല.
ശരീരത്തിനാവശ്യമായ ധാതുലവണങ്ങളില്‍ ഒന്നായ അയേണിന്റെ കുറവുമൂലം അമിത ഉറക്കം, ഉത്സാഹമില്ലായ്മ, കിതപ്പ്, തലകറക്കം, വിശപ്പില്ലായ്മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായുമുണ്ടാകുന്നത്. ഇതിന് പ്രതിവിധിയെന്നോണം ആരംഭിച്ച പദ്ധതി തുടക്കത്തില്‍ തന്നെ പാളുന്നതുമൂലം കോടിക്കണക്കിന് രൂപ കൂടിയാണ് നഷ്ടപ്പെടുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest