കുത്തേറ്റ സംഭവം: സമദാനിക്കെതിരെയും പ്രതിക്കെതിരെയും കേസ്

Posted on: November 10, 2013 12:29 am | Last updated: November 10, 2013 at 12:29 am

samadaniകോട്ടക്കല്‍: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ കത്തിക്കുത്ത് കേസില്‍ അബ്ദുസ്സമദ് സമദാനി എം എല്‍ എക്കെതിരെയും കുത്തിയെന്ന് പറയപ്പെടുന്ന അഹമദ്കുട്ടി എന്ന കുഞ്ഞാവക്കെതിരെയും പോലീസ് കേസെടുത്തു. പ്രതി അഹ്മദ് കുട്ടിയില്‍ നിന്നും, എം എല്‍ എയില്‍ നിന്നും സി ഐ. കെ എം സൈതാലിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് എം എല്‍ എയുടെ പരാതി പ്രകാരം കേസെടുത്തത്. കുഞ്ഞാവയുടെ പരാതിയുടെ അടിസ്ഥാനത്തല്‍ ഐ പി സി 248 പ്രകാരമാണ് സമദാനിക്കെതിരെ പോലീസ് കേസെടുത്തത്.
കോട്ടക്കല്‍ അഡീഷനല്‍ എസ് ഐ. കെ പി ദിവാകരന്റെ നേതൃത്വത്തില്‍ കുഞ്ഞാവ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെന്നു മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോട്ടക്കല്‍ എസ് ഐ. കെ പി ബെന്നിയാണു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
എം എല്‍ എ തന്നെ കത്തി കൊണ്ട് കുത്തിയെന്നും ഒരു പ്രകോപനവുമില്ലാതെയാണു എം എല്‍ എ അക്രമിച്ചതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. സംസാരിച്ചു കൊണ്ടിരിക്കെ എം എല്‍ എ താന്‍ ഇരിക്കുന്ന കസേര ചവിട്ടിത്തെറിപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചതെന്നും ഇയാള്‍ പറഞ്ഞു.
എം എല്‍ എ അക്രമിച്ചപ്പോള്‍ സ്വയം രക്ഷക്ക് വേണ്ടിയാണ് തനിക്ക് അദ്ദേഹവുമായി മല്‍പ്പിടുത്തം നടത്തേണ്ടി വന്നതെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. അതേ സമയം കുഞ്ഞാവ ആശുപത്രിയില്‍ നിന്ന് ഇറങ്ങുന്ന മുറക്ക് അറസ്റ്റ് രേഖപ്പെടുത്തും. എം എല്‍ എ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.