Connect with us

National

ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ സി ബി ഐ ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: 2003ലെ സ്വാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവും മുന്‍ ഐ ബി മേധാവിയുമായ നെഹ്ചാല്‍ സന്ധുവിനെ സി ബി ഐ ചോദ്യം ചെയ്തു. 2003ല്‍ ഗുജറാത്ത് ക്രൈം ബ്രാഞ്ചാണ് വ്യാജ ഏറ്റുമുട്ടല്‍ നടത്തിയത്.
ഐ ബിയുടെ രഹസ്യവിവരത്തെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ നടന്നതിനാലാണ് സന്ധുവിനെ ചോദ്യം ചെയ്തതെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരത്തെ സംബന്ധിച്ച് അറിവുണ്ടായതിനാല്‍ ഇവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സി ബി ഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി, വി എച്ച് പിയുടെ ചില നേതാക്കള്‍ തുടങ്ങിയവരെ ലക്ഷ്യം വെച്ച് ജമാല്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഐ ബി രഹസ്യവിവരം നല്‍കിയത്.
തുടര്‍ന്ന് ഭാവ്‌നഗര്‍ സ്വദേശിയായ ജമാലിനെ പിടികൂടുകയും അഹമ്മദാബാദിലെ ഗാലക്‌സി സിനിമക്ക് സമീപം വെച്ച് 2003 ജനുവരി 13ന് ഏറ്റുമുട്ടലിലൂടെ വധിക്കുകയുമായിരുന്നു. അന്ന് ഐ ബിയുടെ ജോയിന്റ് ഡയറക്ടര്‍ (ഓപറേഷന്‍സ്) ആയിരുന്നു സന്ധു. മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ജമാലിനെ മാറ്റുന്നതിന് നല്‍കിയ നിര്‍ദേശങ്ങളെ സംബന്ധിച്ചാണ് സന്ധുവിനോട് സി ബി ഐ ചോദിച്ചറിഞ്ഞത്.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നേരത്തെ ഐ ബിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍മാരായ സുധീര്‍ കുമാര്‍, രജീന്ദര്‍ കുമാര്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇരുവര്‍ക്കും പുറമെ മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷാ, നരേന്ദ്ര മോഡി എന്നിവര്‍ക്കുമുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജമാലിന്റെ സഹോദരന്‍ ശബീറാണ് കേസ് കൊടുത്തത്.

Latest