Connect with us

Gulf

70 കോടി ചെലവില്‍ ആശുപത്രി വരുന്നു

Published

|

Last Updated

അബുദാബി: 70 കോടി ദിര്‍ഹം മുതല്‍ മുടക്കി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിക്കുന്ന ആശുപത്രി അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍മാണവുമായി ബന്ധപ്പെട്ട് നേരിട്ട തടസങ്ങളാണ് പണിപൂര്‍ത്തിയാവുന്നതിന് കാലതാമസം വരുത്തിയത്. നിര്‍മാണം തുടങ്ങി അഞ്ചു വര്‍ഷം പിന്നിട്ട ശേഷമാണ് പദ്ധതിയുടെ ഉദ്ഘാടനത്തിനായി അധികൃതര്‍ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പഞ്ചനക്ഷത്ര സൗകര്യത്തില്‍ ആശുപത്രി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2008ല്‍ ആയിരുന്നു സിംഗപ്പൂരില്‍ ആശുപത്രി ഓപറേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനമായ പാര്‍ക്ക് വേ ഹെല്‍ത്ത് ഡനാട്ട് അല്‍ ഇമറാത്ത് ഹോസ്പിറ്റല്‍ പദ്ധതിക്ക് തുടക്കമിട്ടത്. 2011ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്.
എന്നാല്‍ കാപിറ്റല്‍ ഗെയ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 260 കിടക്കകളുള്ള ആശുപത്രി പദ്ധതിക്ക് നേരിട്ട പ്രതിബന്ധങ്ങളായിരുന്നു അനിശ്ചിതത്തത്തിലാക്കിയത്. ഉയരവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ പ്രതിസന്ധി ഉടലെടുത്തത്. മൂന്നു നിലയില്‍ ആശുപത്രി പണിഞ്ഞാല്‍ ഉയരക്കൂടുതല്‍ പ്രശ്‌നമാവുമെന്നായിരുന്നു വിലയിരുത്തല്‍.
ആശുപത്രിയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട സെയ്ഫ്റ്റി ഉപകരണങ്ങളെക്കുറിച്ചുള്ള പ്രശ്‌നങ്ങളായിരുന്നു പിന്നീട് പണി നീളാന്‍ ഇടയാക്കിയത്. ആശുപത്രി പദ്ധതി അനന്തമായി നീളുന്നത് യു എ ഇയുടെ നിര്‍മാണ ചരിത്രത്തില്‍ അപൂര്‍വതയായതിനാലാണ് പിന്നീട് പ്രശ്‌നങ്ങള്‍ തീര്‍ത്ത് പദ്ധതി അടുത്ത വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതുക്കിയ പദ്ധതി അനുസരിച്ച് രണ്ട് നിലയില്‍ 150 കിടക്കകളോടെയാവും ആശുപത്രി മാസങ്ങള്‍ക്കകം ഉദ്ഘാടനത്തിന് സജ്ജമാവുക.
പിന്നീട് 250 കിടക്കകളാക്കി വികസിപ്പിക്കും. അടുത്ത മാര്‍ച്ചില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ചിഓവ് സെങ് ലി വെളിപ്പെടുത്തി. ഉയരത്തിനുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളാണ് പദ്ധതി വൈകാന്‍ ഇടയാക്കിയത്. പദ്ധതി സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ സ്ത്രീകള്‍ക്കും പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും മാത്രമായി തലസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യ സ്‌പെഷലൈസ്ഡ് ഹോസ്പിറ്റലായി ഇത് മാറും.
ഗൈനക്കോളജി, പീഡിയാട്രീക്‌സ്, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, മെറ്റേണിറ്റി, നിയോ നാറ്റല്‍ കെയര്‍ ആന്‍ഡ് ഐ വി എഫ് എന്നീ ശാഖകളിലുള്ള സേവനങ്ങളാവും ആശുപത്രിയില്‍ ഉണ്ടാവുക. സ്ത്രീകളുടെ മരണ നിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള രോഗമായ സ്തനാര്‍ബുദം കണ്ടെത്താനുള്ള ഡയഗ്നോസ്റ്റിക്‌സ് ആന്‍ഡ് ബ്രസ്റ്റ് സെന്ററും ആശുപത്രിയുടെ പ്രത്യേകതയാണ്.
ആശുപത്രിയുടെ പേരിനെ അന്വര്‍ഥമാക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളായിരിക്കും. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാവും ആശുപത്രി കെട്ടിടം പൂര്‍ത്തീകരിക്കുക. ആശുപത്രി മുഖ്യമായും ഉപഭോക്താക്കളെ കണ്ടെത്തുക സ്വദേശികളില്‍ നിന്നായിരിക്കുമെങ്കിലും ആശുപത്രി സന്ദര്‍ശിക്കുന്നതില്‍ പ്രവാസികളെയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest