Connect with us

Palakkad

ഷൊര്‍ണൂര്‍ നഗരസഭാ കൗണ്‍സിലറെ തിരഞ്ഞെടുപ്പ്് കമ്മീഷന്‍ അയോഗ്യയാക്കി

Published

|

Last Updated

ഷൊര്‍ണൂര്‍: വാര്‍ഡുസഭ വിളിച്ചുചേര്‍ക്കാതിരുന്ന കൗണ്‍സിലറെ തിരഞ്ഞെടുപ്പ്് കമ്മീഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു.
ഷൊര്‍ണൂര്‍ നഗരസഭയിലെ സിപിഎം അംഗം കണയം ഒന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച ടി പി മറിയയാണ് സമയബന്ധിതമായി ഗ്രാമസഭ വിളിച്ചു ചേര്‍ക്കാത്തതിനെ തുടര്‍ന്ന് അയോഗ്യയായി പ്രഖ്യാപിക്കപ്പെട്ടത്. കണയം പൂപ്പറ്റ രാജന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മൂന്നുമാസത്തിലൊരിക്കല്‍ വാര്‍ഡ് സഭ വിളിച്ചു ചേര്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. പിന്നീട് ഇത് ആറുമാസത്തിലൊരിക്കല്‍ ആയി ഓര്‍ഡിനന്‍സ് വഴി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ പത്തുമാസത്തിനുശേഷമാണ് മറിയ ഗ്രാമസഭ വിളിച്ചു ചേര്‍ത്തത്. ഇതിനെതിരെയാണ് വോട്ടറായ രാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
ആറുമാസത്തിലൊരിക്കല്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്ത—തായി രേഖ ഹജരാക്കിയെങ്കിലും ഇത് ശരിയല്ലെന്ന് കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളികളയുകയായിരുന്നു.
2012 ജൂലായ്മാസത്തിലാണ് രാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.നിരവധിതവണ ഇതു സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കേട്ടിരുന്നു. സംസ്ഥാനത്ത് ഭൂരിഭാഗം ജനപ്രതിനിധികളും വാര്‍ഡുസഭകള്‍ യഥാക്രമം വിളിച്ചു ചേര്‍ക്കാതിരുന്നതായി വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളും അയോഗ്യതാഭീഷണി നേരിട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജനപ്രതിനിധികള്‍ അയോഗ്യരാകാതിരിക്കാന്‍വേണ്ടി ആറുമാസത്തിലൊരിക്കല്‍ വാര്‍ഡ് സഭ വിളിച്ചുചേര്‍ത്താല്‍ മതിയെന്ന് കാണിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.
ഷൊര്‍ണൂര്‍ നഗരസഭയിലെ ആറ് കൗണ്‍സിലര്‍മാര്‍ ഇത്തരത്തില്‍ യഥാക്രമം വാര്‍ഡ് സഭകള്‍ വിളിച്ചു ചേര്‍ക്കാതിരുന്നതായി സസൂചനയുണ്ട്.

Latest