Connect with us

International

ഫിലിപ്പൈന്‍സില്‍ നാശം വിതച്ച് ഹൈയാന്‍

Published

|

Last Updated

മനില: ഫിലിപ്പൈന്‍സിലെ മധ്യ ഭാഗങ്ങളില്‍ നാശം വിതച്ച് ഹൈയാന്‍ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. അടുത്തിടെ ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ ഹൈയാന്‍, ഫിലിപ്പൈന്‍സിലെ ഇരുപതോളം പ്രവിശ്യകളില്‍ നാശം വിതച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മറ്റും പെട്ട് മൂന്ന് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും മരണ സംഖ്യ ഉയരാനിടയുണ്ടെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. സമര്‍, ലെയ്‌തെ, ബൊഹോല്‍ എന്നീ പ്രവിശ്യകളിലാണ് വന്‍ നാശനഷ്ടം ഉണ്ടായത്.
മണിക്കൂറില്‍ 320 മുതല്‍ 379 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റ് ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ത്തു. പ്രധാന നഗരങ്ങളിലെയും മറ്റും ഗതാഗത സൗകര്യം താറുമാറായിട്ടുണ്ട്. വാര്‍ത്താ വിനിമയ സംവിധാനത്തെയും ഹൈയാന്‍ ബാധിച്ചു. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് വിഘാതമായി. ദുരിത മേഖലകളില്‍ പലയിടത്തും രക്ഷാ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തീര പ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചെന്ന് ഫിലിപ്പൈന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ കൊടുങ്കാറ്റ് 1.2 കോടി ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നത്. കൊടുങ്കാറ്റ് ബാധിത മേഖലകളില്‍ വൈദ്യുതി സംവിധാനം നിലച്ചിട്ടുണ്ട്. ദുരന്ത ബാധിതര്‍ക്കായി അടിയന്തര സഹായവും അഭയാര്‍ഥി ക്യാമ്പുകളും ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ബോഫാ ചുഴലിക്കാറ്റിന് സമാനമായ ദുരന്തമായിരിക്കും ഹൈയാന്‍ കൊടുങ്കാറ്റ് ഉണ്ടാക്കുകയെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ബോഫാ ചുഴലിക്കാറ്റില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ടെന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest