Connect with us

Kerala

മുഖ്യമന്ത്രിക്കുനേരെ കല്ലേറ്: സുരക്ഷാ വീഴ്ചയെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതവും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതുമാണെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലി കോടതിയില്‍ ബോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കല്ലു മഴയാണ് ഉണ്ടായത്. ഇത് ഗൗരവത്തോടെ കാണേണ്ട സംഭവമാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
മുഖ്യമന്ത്രിക്കുനേരെ കഴിഞ്ഞ മാസം 27ന് ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് തോമസ് പി ജോസഫ് പരിഗണിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എം കുഞ്ഞിരാമന്‍, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ മുരളീധരന്‍, തളിപ്പറമ്പ് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി രാഘവന്‍ എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
കേസില്‍ 94 പ്രതികളാണ് ഉള്ളതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ജാമ്യാപേക്ഷ നല്‍കിയ പ്രതികളുടെ സാന്നിധ്യം സംഭവ സ്ഥലത്തു നിന്നും ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഡി ജി പി ആവശ്യപ്പെട്ടു.
അതെ സമയം മുഖ്യമന്ത്രിക്കുനേരെ അക്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ എന്ന് കോടതി ആരാഞ്ഞു. എന്നാല്‍ മതിയായ സുരക്ഷക്ക് പോലീസ് ഇല്ലായിരുന്നുവെന്നും ഡി ജി പി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലുമഴയായിരുന്നുവെങ്കില്‍ വാഹനത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്ന് കോടതി ചോദിച്ചു. സംഭവസ്ഥലത്ത് നിന്ന് എത്ര കല്ലുകള്‍ കിട്ടിയെന്നും കോടതി ആരാഞ്ഞു. നാലഞ്ച് കല്ലുകള്‍ കിട്ടിയെന്ന് ഡി ജി പി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കാറില്‍ ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ പിന്നിലെ സീറ്റിലാണ് ഇരുന്നതെന്നും ഡി ജി പി പറഞ്ഞു. കല്ലേറില്‍ രണ്ട് വിഭാഗം പേര്‍ പങ്കെടുത്തിരുന്നുവെന്ന് ആരോപണമുണ്ടെന്നും ഇരുപക്ഷങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
അന്വേഷണ പുരോഗതി പരിശോധിക്കാന്‍ കോടതിക്ക് കേസ് ഡയറി ഡി ജി പി കൈമാറി. എന്നാല്‍ അതീവ ഗൗരവതരമായ കേസെന്ന് ഡി ജി പി വിശേഷിപ്പിച്ച കേസിലെ കേസ് ഡയറി സമഗ്രമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

Latest